അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; ആദ്യ ഘട്ടം ഫെബ്രുവരി 10ന്; 690 മണ്ഡലങ്ങള്‍, 18.34 കോടി വോട്ടർമാർ; പ്രായമായവർക്കും കൊവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ്

Jaihind Webdesk
Saturday, January 8, 2022

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. മാർച്ച് 10 നാണ് ഫലപ്രഖ്യാപനം.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യസുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീല്‍ ചന്ദ്ര വ്യക്തമാക്കി. വിപുലമായ കൊവിഡ് മാർഗരേഖ നല്‍കും. സ്ഥാനാർത്ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമർപ്പിക്കാനുള്ള സൌകര്യവുമുണ്ട്.

തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി

ഒന്നാം ഘട്ട വോട്ടെടുപ്പ് – ഫെബ്രുവരി 10 (ഉത്തർപ്രദേശ്)

രണ്ടാം ഘട്ട വോട്ടെടുപ്പ് – ഫെബ്രുവരി 14 (പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, ഉത്തർപ്രദേശ്)

മൂന്നാം ഘട്ട വോട്ടെടുപ്പ് – ഫെബ്രുവരി 20 (ഉത്തർപ്രദേശ്)

നാലാം ഘട്ട വോട്ടെടുപ്പ് – ഫെബ്രുവരി 23 (ഉത്തർപ്രദേശ്)

അഞ്ചാം ഘട്ട വോട്ടെടുപ്പ് – ഫെബ്രുവരി 27 (മണിപ്പൂർ, ഉത്തർപ്രദേശ്)

ആറാം ഘട്ട വോട്ടെടുപ്പ് – മാർച്ച് 03 (മണിപ്പൂർ, ഉത്തർപ്രദേശ്)

ഏഴാം ഘട്ട വോട്ടെടുപ്പ് – മാർച്ച് 07 (ഉത്തർപ്രദേശ്)

690 മണ്ഡലങ്ങള്‍, ആകെ 18.34 കോടി വോട്ടർമാർ

അഞ്ച്സംസ്ഥാനങ്ങളിലായി ആകെ 690 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്. 8.55 കോടി വനിതകളടക്കം ആകെ 18.34 കോടി വോട്ടർമാർ.24.9 ലക്ഷം കന്നി വോട്ടർമാരില്‍ 11.4 ലക്ഷം സ്ത്രീകള്‍. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വർധിപ്പിച്ചു. 2,15,368 പോളിംഗ് സ്റ്റേഷനുകള്‍, 30,330 ബൂത്തുകള്‍ അധികം.  ഒരു പോളിംഗ് സ്റ്റേഷനില്‍ 1,250 വോട്ടർമാർ മാത്രം. 1620 പോളിംഗ് സ്റ്റേഷനുകളില്‍ വനിതാജീവനക്കാർ മാത്രം. 50 ശതമാനത്തോളം പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് ഉറപ്പാക്കും.

വീട്ടിലിരുന്ന് വോട്ട് ചെയ്യാം

പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. നിശ്ചിത പരിധിക്ക് മുകളില്‍ ശാരീരിക അവശതയുള്ളവർക്കും കൊവിഡ് ബാധിതർക്കും പോസ്റ്റല്‍ ബാലറ്റ് സംവിധാനം പ്രയോജനപ്പെടുത്താം. എല്ലാ ബൂത്തുകളിലെയും വോട്ടിംഗ് സമയം 1 മണിക്കൂർ കൂടി ഉയർത്തി.

ചെലവ് പരിധി ഉയർത്തി

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാനാർത്ഥികള്‍ക്ക് 40 ലക്ഷം രൂപ വരെ ചെലവഴിക്കാം. ഗോവയിലും മണിപ്പൂരിലും ഇത് 28 ലക്ഷമായി തുടരും.

പത്രിക ഓണ്‍ലൈനായി

സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അതത് പാര്‍ട്ടികളുടെ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.

കൊവിഡ് ജാഗ്രത ഉറപ്പാക്കും

കർശനമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിന്‍ നിർബന്ധമാക്കി. എല്ലാ ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരിക്കണം.

റാലികള്‍ക്കും പദയാത്രകള്‍ക്കും നിരോധനം

ഫെബ്രുവരി  15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല. രാത്രി 8 മുതല്‍ രാവിലെ 8 വരെ പ്രചാരണ പരിപാടികള്‍ പാടില്ല. ഫലപ്രഖ്യാപനത്തിനു ശേഷമുളള ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ കയറിയുള്ള പ്രചാരണത്തിന് 5 പേർക്ക് മാത്രമാണ് അനുമതി.