പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തെളിവെടുപ്പിനിടെ പീഡിപ്പിക്കാന്‍ ശ്രമം; എഎസ്ഐക്ക് സസ്പെന്‍ഷന്‍

 

കൽപ്പറ്റ: വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐക്കെതിരെ പോക്സോ കേസ്. എഎസ്‌ഐ ബാബു ടി.ജിയെ സസ്‌പെന്‍ഡ് ചെയ്തു. തെളിവെടുപ്പിനിടെയാണ് എഎസ്‌ഐയുടെ അതിക്രമം. പതിനേഴുകാരിയുടെ പരാതിയിലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.

ഊട്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. എസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. എസ്ഐ സോബിനും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എഎസ്‌ഐ മോശമായി പെരുമാറിയിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്. വനിതാ പോലീസുകാരി ഉണ്ടായിട്ടും പെൺകുട്ടിക്ക് ദുരനുഭവം നേരിട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

കഴിഞ്ഞ മാസം 26നാണ് സംഭവം. സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഊട്ടിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി കുട്ടിയെ കൊണ്ടുപോയത്.

Comments (0)
Add Comment