തമിഴ്നാട്ടില്‍ തെളിവെടുപ്പിനിടെ ആക്രമണം; ആംസ്ട്രോങ് കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു

Jaihind Webdesk
Sunday, July 14, 2024

 

ചെന്നൈ: തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് കെ. ആംസ്ട്രോങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളെ പോലീസ് വെടിവെച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്‍റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവം.

തെളിവെടുപ്പിനിടെ എസ്ഐമാരിൽ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടി വെയ്ക്കുകയായിരുന്നു. ആംസ്ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്. പരുക്കേറ്റ ഇയാളെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2015ൽ തിരുവളളൂർ ജില്ലയിലെ ബിഎസ്‌പി പ്രസിഡന്‍റ് തേനരശിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മരിച്ച തിരുവെങ്കടം.