മോഷണശ്രമം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; തമിഴ്നാട്ടില്‍ 10 വയസുകാരിക്ക് ദാരുണാന്ത്യം

Thursday, November 17, 2022

ചെന്നൈ:  തമിഴ്നാട് പുതുക്കോട്ടയിൽ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ച പെൺകുട്ടി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ (10) ആണ് മരിച്ചത്. മൂന്ന് ദിവസമായി ചികില്‍സയിരിക്കെയാണ് മരണം സംഭവിച്ചത്. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ നിന്ന് പിച്ചള വസ്തുക്കൾ മോഷ്ടിച്ചെന്നാരോപിച്ച് പുതുക്കോട്ടൈ ജില്ലയിലെ കിള്ളനൂർ ഗ്രാമവാസികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം കടലൂർ സ്വദേശികളായ ആറംഗ കുടുംബം മോഷണശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി ആക്രമിക്കുകയായിരുന്നു. സത്യനാരായണ സ്വാമി , ഭാര്യ ലില്ലി  , മൂന്ന് ആൺമക്കള്‍, മകൾ കർപ്പകാംബാൾ എന്നിവരെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് ഉപദ്രവിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഗണേഷ് നഗർ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊലപാതക കേസ് റജിസ്റ്റർ ചെയ്ത് ഗണേഷ് നഗർ പൊലീസ് അന്വേഷണം തുടങ്ങി.