Human Rights Commission| കുന്നംകുളം പോലീസ് സ്റ്റേഷനിലെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, റിപ്പോര്‍ട്ട് തേടി

Jaihind News Bureau
Thursday, September 4, 2025

ത്യശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത ത്യശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചൊവ്വന്നൂര്‍ സ്വദേശി സുജിത്തിനെ പോലീസ് മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.