കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകം: ഗുണ്ടാസംഘത്തലവന്‍മാർ കസ്റ്റഡിയില്‍

ഛണ്ഡീഗഢ്:  കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസ് വാല (28) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഗുണ്ടാ സംഘത്തലവൻമാർ ഉള്‍പ്പെടെ ആറ് പേര്‍ പോലീസ് കസ്റ്റഡിയില്‍.  ഗുണ്ടാസംഘത്തലവന്മാരായ കാല ജത്തേരി, കാല റാണ എന്നിവർ ഉൾപ്പെടെയാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.

പ്രതികളെത്തിയതെന്ന് സംശയിക്കുന്ന മൂന്ന് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകള്‍ ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് വ്യാജമാണെന്ന് പോലീസ് അറിയിച്ചു. സിദ്ദുവിന്‍റെ വാഹനത്തെ രണ്ട് കാറുകൾ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉന്നത അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദുവിന്‍റെ കുടുംബം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചു.

കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘമാണ് സിദ്ദുവിനെ വെടിവെച്ചുകൊന്നതെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ആക്രമണത്തിനു കാരണം. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന് കൊലപാതകത്തിൽ പങ്കുണ്ടെന്നും കാനഡ ആസ്ഥാനമായുള്ള ഒരു ഗുണ്ടാസംഘം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും പഞ്ചാബ് ഡിജിപി വി.കെ ഭാവ്‌ര അറിയിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. പഞ്ചാബ് സർക്കാർ സിദ്ദു മൂസ് വാലയുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Comments (0)
Add Comment