
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലീം വിഭാഗത്തിന് നേരെ വെടിയുതിർക്കുന്നതായി ചിത്രീകരിക്കുന്ന എഐ (AI) വീഡിയോ പങ്കുവെച്ച അസം ബിജെപിയുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുന്നു. ഇത് വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനമാണെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ‘ബിജെപി ഇല്ലാത്ത അസം’ എന്ന പേരിൽ പുറത്തിറക്കിയ വീഡിയോയിൽ, മുസ്ലീം വിഭാഗം അസമിനെ കീഴടക്കുന്നതായും അവരെ മുഖ്യമന്ത്രി തോക്കെടുത്ത് നേരിടുന്നതായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്ത് മുസ്ലീം ജനസംഖ്യ 90 ശതമാനമായി മാറുമെന്ന തെറ്റായ കണക്കുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയതോടെ അസം ബിജെപി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് ബിജെപി ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഇത് കേവലം ഒരു ട്രോളായി കാണാനാവില്ലെന്നും മുസ്ലീങ്ങൾക്കെതിരെയുള്ള വംശഹത്യയ്ക്കുള്ള ആഹ്വാനമാണിതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബിജെപിയുടെ യഥാർത്ഥ ലക്ഷ്യമാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും, കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസം ബിജെപിയുടെ നടപടി യുഎപിഎ (UAPA) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മതവിദ്വേഷം വളർത്തുന്നതിലൂടെ ബിജെപി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ വിവാദത്തിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും കോൺഗ്രസ് നേതാവ് ഗൗറവ് ഗോഗോയിയും തമ്മിലുള്ള വാക് പോരും മുറുകുകയാണ്. ഗൗറവ് ഗോഗോയി ഒരു ‘പാക് ഏജന്റ്’ ആണെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പാകിസ്താൻ ഏജന്റുമാരുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടേത് പച്ചക്കള്ളമാണെന്നും സ്വന്തം അഴിമതികൾ മൂടിവയ്ക്കാനാണ് ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നതെന്നും ഗൗറവ് ഗോഗോയി തിരിച്ചടിച്ചു.