പ്രതിയുമായി എഎസ്ഐയുടെ ടൂർ; ഫോട്ടോയും വീഡിയോയും വൈറല്‍, നടപടിക്ക് തയാറാവാതെ പോലീസ്

Jaihind Webdesk
Thursday, August 15, 2024

 

ആലപ്പുഴ: ഡിവൈഎഫ്ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുമായി എഎസ്ഐയുടെ ടൂറും ആഘോഷവും. ടൂറിന്‍റെയും ആഘോഷത്തിന്‍റെയും ഫോട്ടോയും വീഡിയോയും വൈറലായിട്ടും അന്വേഷണത്തിനോ നടപടിയ്‌ക്കോ ഇതുവരെ പോലീസ് തയാറായിട്ടില്ല.

പതിനൊന്നുവര്‍ഷം മുമ്പാണ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമം നടന്നത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഗിരീഷിനെ ആലപ്പുഴ ബൈപ്പാസില്‍ വെച്ച് ഇരവുകാട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കൊട്ടേഷന്‍ സംഘം ക്രൂരമായി വെട്ടി പരുക്കേല്‍പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ മൂന്നാം പ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ആലപ്പുഴ എആര്‍ ക്യാമ്പിലെ എഎസ്ഐ ശ്രീനിവാസന്‍റെ ആഘോഷം. കേസില്‍ മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പതിനൊന്നരവര്‍ഷം ശിക്ഷിച്ച ഉണ്ണിയുള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതി അപ്പീലില്‍ ജാമ്യത്തിലിറങ്ങിയതിന്‍റെ പിന്നാലെയായിരുന്നു പോലീസ് ഉദ്യോഗസ്ഥനൊപ്പമുള്ള ആഘോഷം.

ആലപ്പുഴയിലെ ഒരു വീട്ടിലും ജില്ലയ്ക്ക് പുറത്തെ സുഖവാസ കേന്ദ്രത്തിലും റൂമിനുള്ളില്‍ പാട്ടും മേളവും മദ്യപാനവുമായി ഉണ്ണിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എഎസ്ഐ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ശ്രീനിവാസന്‍റെ ക്രിമിനല്‍ ബന്ധങ്ങളില്‍ ഇതുവരെയും നടപടി ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം.  ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ആഘോഷത്തിന്‍റെ വിവരങ്ങള്‍ ഉന്നത പോലീസുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സംഭവത്തില്‍ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ക്രിമിനല്‍ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ആവര്‍ത്തിക്കുമ്പോഴും ആലപ്പുഴയിലെ പോലീസുദ്യോഗസ്ഥന്‍റെ ആഘോഷം കണ്ടില്ലെന്ന മട്ടിലാണ് പോലീസിലെ ഉന്നതര്‍. എറണാകുളത്തെ ഗുണ്ടാത്തലവന്‍റെ വീട്ടില്‍ സൗഹൃദസന്ദര്‍ശനത്തിനെത്തിയതിന് രഹസ്യാന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിയെയും പോലീസ് ഉദ്യോഗസ്ഥരെയും നടപടിയ്ക്ക് വിധേയനാക്കിയതിന് പിന്നാലെയാണ് ആലപ്പുഴയിലെ എഎസ്ഐയുടെ ആഘോഷവും സേനയ്ക്ക് പേരുദോഷമായത്.