അസിം മുനീറിന് പാക് പരമോന്നത ബഹുമതി, ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം! തോല്‍വിക്ക് സമ്മാനമോ?

Jaihind News Bureau
Tuesday, May 20, 2025

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ‘വന്‍ സൈനിക മുന്നേറ്റത്തിന്’ ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന് രാജ്യത്തെ പരമോന്നത സൈനിക പദവിയായ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം! സംഗതി കേട്ട് ആരും ഞെട്ടണ്ട, പാകിസ്ഥാനില്‍ ഇതൊക്കെ സാധാരണം. ചൊവ്വാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് മുനീറിന്റെ സ്ഥാനക്കയറ്റത്തിനുള്ള നിര്‍ദ്ദേശത്തിന് ‘അംഗീകാരം’ നല്‍കിയത്.

ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ സായുധ സേനയെ ‘വിജയകരമായി’ നയിച്ചതിനാണ് ഈ സ്ഥാനക്കയറ്റം എന്നാണ് പാക് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത്. ഇന്ത്യയുമായുള്ള സംഘട്ടനത്തിലെ ‘മാതൃകാപരമായ പങ്ക്’ കണക്കിലെടുത്താണത്രേ ഈ തീരുമാനം. എന്നാല്‍, ഈ ‘വിജയം’ പാകിസ്ഥാന്റെ സ്വപ്നങ്ങളില്‍ മാത്രമാണെന്നും, ഇന്ത്യ പലതവണ തെളിവുകള്‍ നിരത്തി പാകിസ്ഥാന്റെ കള്ളങ്ങള്‍ പൊളിച്ചടുക്കിയിട്ടുണ്ടെന്നുമുള്ള കാര്യം ഇവര്‍ അറിയാത്തതാണോ അതോ സൗകര്യപൂര്‍വ്വം മറന്നതോ. ‘തോറ്റതിന് ഫീല്‍ഡ് മാര്‍ഷല്‍ പട്ടമോ? ഇതെന്തൊരു വിരോധാഭാസം!’ എന്നായിരിക്കും അന്താരാഷ്ട്ര സമൂഹം വിലയിരുത്തുക.

ഇതിനിടയില്‍ മറ്റൊരു സംഭവം ഉണ്ടായി. സാധാരണക്കാരെ സൈനിക കോടതികളില്‍ വിചാരണ ചെയ്യുന്നതിന് അംഗീകാരം നല്‍കിക്കൊണ്ട് രാജ്യത്തെ സുപ്രീം കോടതി ഒരു ‘ചരിത്രപരമായ’ വിധി പുറപ്പെടുവിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ സ്ഥാനക്കയറ്റം. ഇതോടെ, പാകിസ്ഥാനിലെ യഥാര്‍ത്ഥ ഭരണാധികാരിയായ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക സ്ഥാപനത്തിന് കൂടുതല്‍ അധികാരം ലഭിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ അടിച്ചമര്‍ത്തി, സൈനിക ഭരണം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും, അതിനുള്ള പാരിതോഷികമാണോ ഈ ഫീല്‍ഡ് മാര്‍ഷല്‍ പട്ടമെന്നും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.