ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയായി കരുതപ്പെട്ടിരുന്ന ‘വത്സല’ ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലായിരുന്നു ‘വത്സല’ ചരിഞ്ഞത്. ഏകദേശം 100 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടായിരുന്ന ആനയെ കേരളത്തില്‍ നിന്നാണ് നര്‍മ്മദാപുരത്തേക്ക് കൊണ്ടുവന്നത്.
വര്‍ഷങ്ങളായി സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ‘വത്സല’. കേന്ദ്രത്തിലെ മറ്റ് പിടിയാനകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമ്പോള്‍ ‘വത്സല’ അവര്‍ക്ക് മുത്തശ്ശിയായി. രക്ഷപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ കഠിനശ്രമം നടത്തിയെങ്കിലും ഒന്നിലധികം അവയവങ്ങള്‍ തകരാറിലായതിനാല്‍ ആന ചരിയുകയായിരുന്നു. ഏറെ നാളുകളായി രോഗ ബാധിതയായിരുന്നു വത്സല.
കേരളത്തിലെ നിലമ്പൂര്‍ കാടുകളില്‍ ജനിച്ച ‘വത്സല’യെ പിന്നീട് തടി വ്യാപാരത്തിന് ഉപയോഗിച്ച് വരികയായിരുന്നു. തുടര്‍ന്ന് 1971ല്‍ ആനയെ മധ്യപ്രദേശിലെ ഹോഷംഗാബാദിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് പിന്നീട് 1993 ല്‍ ‘വത്സല’ പന്ന ടൈഗര്‍ റിസര്‍വിലേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുമായും സഹജീവികളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്ന ‘വത്സല’യെ ദാദി മാ, നാനി മാ (മുത്തശ്ശി) എന്നീ പേരുകളിലും വിളിച്ചിരുന്നു.