ഏഷ്യൻ ഫുട്‌ബോൾ മാമാങ്കത്തിന് നാളെ യുഎഇയിൽ തുടക്കം

Jaihind Webdesk
Friday, January 4, 2019

ഏഷ്യയുടെ 17-ആമത് ഫുട്‌ബോൾ മാമാങ്കത്തിന് നാളെ യുഎഇയിൽ തുടക്കം. നാലു നഗരങ്ങളിലെ എട്ടു വേദികളിലാണ് ഏഷ്യൻ കപ്പ് ഫുട്‌ബോളിന് പന്തുരുളുന്നത്. 24 ടീമുകളാണ് ടൂർണമെന്‍റിൽ പോരടിക്കുക.

നാളെ അബുദാബി സെയ്ദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ആതിഥേയരായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്‌റിനും തമ്മിലാണ് ആദ്യ മത്സരം നടക്കുക. 2011 ന് ശേഷം ആദ്യമായി ഏഷ്യ കപ്പിന് യോഗ്യത നേടിയ ഇന്ത്യൻ ടീമിന്‍റെ ആദ്യ മത്സരം തായ്‌ലൻഡിനെതിരെ ഞായറാഴ്ചയാണ്. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യ ഈ മാസം 10ന് യു.എ.യുമായും, 14ന് ബഹ്‌റൈനുമായും ഏറ്റുമുട്ടും. ഫിഫ റാങ്കിൽ 79-ആം സ്ഥാനക്കാരായ യുഎഇ ആയിരിക്കും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുക.

നാലു ടീമുകൾ വീതമുള്ള 6 ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാലു മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടർ റൗണ്ടിലെത്തുന്നത്.

ഈ മാസം 20 മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ തുടങ്ങുന്നത്. ക്വാർട്ടർ ഫൈനലുകൾ 24, 25 തീയതികളിലും സെമിഫൈനൽ 28, 29 തീയതികളിലും നടക്കും. ഫെബ്രുവരി ഒന്നിന് സായെദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.

23 അംഗ ടീമിനം നായകനും തുറുപ്പുചീട്ടുമായ സുനിൽ ഛേത്രിയാണ് നയിക്കുക. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സന്ദേശ് ചിങ്കൻ, ഹോളി ചരൺ നർസാരി, ആഷിഖ് കുരുണിയൻ ടീമിലുണ്ട്. യുവാതാര നിരയെ അണിനിരത്തി ഏഷ്യയിൽ ആദ്യ എട്ട് റാങ്കിനുള്ളിൽ എത്തുകയാണ് ലക്ഷ്യമെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍ന്‍റൈൻ പറഞ്ഞു.