Asia Cup| ഏഷ്യാ കപ്പ് ടി20: ഇന്ത്യ ഇന്നിറങ്ങും; എതിരാളി യുഎഇ; സഞ്ജു കളിക്കുമോ?

Jaihind News Bureau
Wednesday, September 10, 2025

ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നിറങ്ങുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ ഇലവനില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനത്തില്‍ പ്രതിസന്ധി ഉടലെടുത്തത്. അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറായാണ് കഴിഞ്ഞ മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നത്.

ഗില്ലിനെ ഓപ്പണറാക്കിയാല്‍ സഞ്ജു മധ്യനിരയില്‍ താഴേക്ക് ഇറങ്ങി കളിക്കേണ്ടി വരും. എന്നാല്‍, ഐ.പി.എല്ലില്‍ മികച്ച ഫോമില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ അഞ്ചാം സ്ഥാനത്തിന് ശക്തമായ വാദമുയര്‍ത്തുന്നു. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും ടീമില്‍ ഇടംപിടിക്കും. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാകും പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുക. കുല്‍ദീപ് യാദവ്-വരുണ്‍ ചക്രവര്‍ത്തി സഖ്യത്തിനാകും സ്പിന്‍ വിഭാഗത്തിന്റെ ചുമതല. വേഗവും ബൗണ്‍സുമുള്ള, പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഏഷ്യാകപ്പിനായി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

എതിരാളികളായ യു.എ.ഇയുടെ മുഖ്യ പരിശീലകന്‍ ഇന്ത്യക്കാരനായ ലാല്‍ ചന്ദ് രാജ്പുത്താണ്. 2007-ല്‍ ഇന്ത്യ ലോകകപ്പ് ജേതാക്കളായപ്പോള്‍ ടീം മാനേജരായിരുന്ന രാജ്പുത്ത്, ഇന്ത്യന്‍ ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെല്ലാം നന്നായറിയാവുന്ന വ്യക്തിയാണ്. ഇന്ത്യയെ അനായാസം ജയിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.