ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് യുഎഇയിൽ തുടക്കമാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇനിയുള്ള രണ്ടാഴ്ച യുഎഇ ഏഷ്യ കപ്പിന്‍റെ ചൂടിലാകും. ആറ് ടീമുകളാണ് ഏഷ്യ കപ്പിൽ മത്സരിക്കുക. നാളെയാണ് ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം.
ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, ഹോങ്കോംഗ്
ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ
ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലേക്കെത്തും. അവിടെ പരസ്പരം മത്സരിക്കും. മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലിലെത്തും.
രോഹിത് ശർമ്മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ തന്നെയാണ് കൂട്ടത്തിലെ കരുത്തർ. രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും സൂര്യകുമാർ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിര ശക്തമാണ്. ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി വിരാട് കോലിക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാകും ഏഷ്യാ കപ്പ്. ജസ്പ്രീത് ബുമ്ര ടീമിൽ ഇല്ലാത്തത് ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.