സില്‍വർ ലൈന്‍ സങ്കീർണ്ണം, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്ന് റെയില്‍വേ മന്ത്രി : മുഖ്യമന്ത്രിക്ക് തിരിച്ചടി

Jaihind Webdesk
Thursday, March 24, 2022

ന്യൂഡല്‍ഹി : കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി.സില്‍വർ ലൈന്‍ പദ്ധതി വളരെ സങ്കീർണമായതാണെന്നും പാരിസ്ഥിതകമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്‍റില്‍. ഇന്ന് രാവിലെ  കെ റെയിലിന്‍റെ അനുമതിക്കായി മുഖ്യമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി കാര്യങ്ങള്‍ അനുഭാവ പൂർവ്വം കേട്ടെന്നും ഡിപിആറിലെ അവ്യക്തത നീക്കിയെന്നും അനുമതി ലഭിക്കുമെന്നും പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

സില്‍വർ ലൈന്‍ വളരെ സങ്കീർണത നിറഞ്ഞ പദ്ധതിയാണ്. പാരിസ്ഥിതികമായും സാങ്കേതികമായും ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പദ്ധതിയുടെ ചിലവ് മുഖ്യമന്ത്രി പറഞ്ഞ പോലെ 64000 കോടിയില്‍ നില്‍ക്കില്ലെന്നും 1  ലക്ഷം കോടി കവിയുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സില്‍വർ ലൈനിനെ ബ്രോഡ് ഗേജുമായി ബന്ധിപ്പിക്കാനാകാത്തും പ്രതിസന്ധിയാണെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അനൌദ്യോഗികമായി കേന്ദ്ര റെയില്‍വേ മന്ത്രിയായും  ഇന്ന് ഡല്‍ഹില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും പച്ചക്കൊടി കാത്ത് നിന്ന് പിണറായി സർക്കാരിന് റെയില്‍വേ മന്ത്രിയുടെ പരാമർശം തിരിച്ചടി ആയിരിക്കുകയാണ്.