ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സംബന്ധിച്ച വിവാദ പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലായ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്മൂദാബാദിന് സുപ്രീം കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍, കേസന്വേഷണം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. പ്രൊഫസറുടെ പരാമര്‍ശങ്ങള്‍ നടത്തിയ സന്ദര്‍ഭത്തെ ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എന്‍.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു. ഇതിനെ ‘ഡോഗ് വിസിലിംഗ്’ (നിഗൂഢമായ രാഷ്ട്രീയ സന്ദേശം നല്‍കല്‍) എന്നും ‘വിലകുറഞ്ഞ പ്രശസ്തി’ നേടാനുള്ള ശ്രമമെന്നും കോടതി വിശേഷിപ്പിച്ചു.
കൂടുതല്‍ അന്വേഷണത്തിനായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) 24 മണിക്കൂറിനുള്ളില്‍ രൂപീകരിക്കാന്‍ ഹരിയാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ ഹരിയാനയില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ഉള്ളവരാകരുതെന്നും സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയുണ്ടായിരിക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസുമായി ബന്ധപ്പെട്ട് യാതൊരുവിധ പോസ്റ്റുകളോ പ്രസംഗങ്ങളോ നടത്തരുതെന്ന് വിലക്കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണവുമായും തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുമായും ബന്ധപ്പെട്ടും അദ്ദേഹം യാതൊരു പരാമര്‍ശവും നടത്താന്‍ പാടില്ല. പ്രൊഫസറുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
മെയ് 18നാണ് മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഹരിയാന കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ച സൈനിക ഉദ്യോഗസ്ഥരായ കേണല്‍ സോഫിയ ഖുറേഷിയെയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗിനെയും അപമാനിക്കുന്നതും സൈന്യത്തെ വിമര്‍ശിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് എന്നായിരുന്നു ആരോപണം.
വാദം കേള്‍ക്കുന്നതിനിടെ, പ്രൊഫസറെ രൂക്ഷമായി വിമര്‍ശിക്കാന്‍ സുപ്രീം കോടതി മടിച്ചില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ‘ഡോഗ്-വിസിലിംഗ്’ ആണെന്നും ‘നിഷ്പക്ഷവും മാന്യവുമായ’ ഭാഷ ഉപയോഗിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. അദ്ദേഹം യുദ്ധവിരുദ്ധനാണെന്നും, സൈനികരുടെ കുടുംബങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ സാധാരണക്കാരും കഷ്ടപ്പെടുന്നുവെന്നുമാണ് മുഴുവന്‍ വാദവും. എന്നാല്‍ ചില വാക്കുകള്‍ക്ക് ഇരട്ട അര്‍ത്ഥങ്ങളുമുണ്ട്,’ കോടതി നിരീക്ഷിച്ചു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും (ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ പോലുള്ള) ഇത്തരം അവസരങ്ങള്‍ പ്രശസ്തി നേടാന്‍ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.
‘ഇതിനെക്കുറിച്ചെല്ലാം സംസാരിക്കാനുള്ള സമയമാണോ ഇത്? രാജ്യം കടന്നുപോവുന്ന സന്ദര്‍ഭം അറിയില്ലേ.. ഭീകരര്‍ വന്ന് നമ്മുടെ ആളുകളെ ആക്രമിച്ചു. നമ്മള്‍ ഒന്നായി നില്‍ക്കണം. എന്തിനാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിലകുറഞ്ഞ പ്രശസ്തി നേടുന്നത്?’ കോടതി ചോദിച്ചു.
പ്രൊഫസര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ഹര്‍ജിക്കാരന്റെ ഭാര്യ ഒമ്പത് മാസം ഗര്‍ഭിണിയാണെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍, മഹ്മൂദാബാദിന്റെ പോസ്റ്റ് സിബല്‍ ചിത്രീകരിക്കുന്നതുപോലെ അത്ര നിഷ്‌കളങ്കമല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. മഹ്മൂദാബാദിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതില്‍ ‘ആശ്വാസവും സന്തോഷവും’ ഉണ്ടെന്ന് അശോക സര്‍വകലാശാല പ്രതികരിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
അതിനിടെ, പ്രൊഫസറുടെ അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) സ്വമേധയാ കേസെടുത്തു. അദ്ദേഹത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടുവെന്ന് കമ്മീഷന്‍ വിലയിരുത്തി. ഹരിയാന ഡിജിപിക്ക് നോട്ടീസ് അയച്ച എന്‍എച്ച്ആര്‍സി, ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
‘അദ്ദേഹം അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളുടെ രത്‌നച്ചുരുക്കം അടങ്ങിയ ഒരു വാര്‍ത്താ റിപ്പോര്‍ട്ട് കമ്മീഷന്‍ ശ്രദ്ധിച്ചു. പ്രസ്തുത പ്രൊഫസറുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.