സഭാ സമ്മേളനം 31ന് തന്നെ വിളിച്ചു ചേര്‍ക്കണം : ഗവർണറോട് ആവശ്യം ഉന്നയിച്ച് അശോക് ഗെഹ്ലോട്ട് സർക്കാർ

Jaihind News Bureau
Tuesday, July 28, 2020

ജൂലൈ 31 മുതൽ രാജസ്ഥാൻ നിയമസഭ വിളിക്കാൻ ഗവർണറോട് ആവശ്യപ്പെടും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. സർക്കാരിന്‍റെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് ഗവർണർ ശ്രമിക്കുന്നത് എന്ന് അശോക് ഗെഹ്ലോട്ട് ആരോപിച്ചു. ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിന് കുട്ടുനിൽക്കാനാണ് മായാവതിയുടെ ശ്രമം എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.

അശോക് ഗെഹ്ലോട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം വിശദമായി ചർച്ച ചെയ്തു. നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർ മുന്നോട്ട് വെച്ച നിർദേശത്തിന് മറുപടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജൂലൈ 31 മുതൽ നിയമസഭ വിളിക്കാൻ ഗവർണർ കൽരാജ് മിശ്രയോട് ആവശ്യപ്പെട്ടു കത്ത് നൽകി. നിയമസഭാ സമ്മേളനത്തിൽ വിശ്വാസവോട്ടെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് കത്തിൽ സർക്കാർ പരാമർശിച്ചിട്ടില്ല. നിയമസഭ വിളിക്കാൻ ഗവർണറോട് നിർദ്ദേശിക്കാൻ സർക്കാരിന് അവകാശം ഉണ്ടെന്ന് അശോക് ഗെഹ്ലോട്ട് മന്ത്രിസഭ യോഗത്തിൽ പറഞ്ഞു. മന്ത്രിസഭ തീരുമാനം അംഗീകരിക്കുകയാണ് ഗവർണർ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയും പ്രതികരിച്ചു.

ബി എസ് പി യിൽ നിന്ന് കോണ്‍ഗ്രസിന് പിന്തുണയുമായി എത്തിയ എംഎൽഎമാർക്കെതിരെ രംഗത്ത് വന്ന ബി എസ് പി അധ്യക്ഷ മായാവതിയെ പ്രിയങ്ക ഗാന്ധി വിമർശിച്ചു. ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിന് കുട്ടുനിൽക്കാനാണ് ബി എസ് പി ശ്രമം എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്ക് ക്ലീൻ ചീട്ട് നൽകാനാണ് ശ്രമം. നേരത്തെ തന്നെ ബിഎസ്‌പി എംഎൽഎമാർ സർക്കാരിന് പിന്തുണ നൽകിയിരുന്നു. ബി എസ് പി അംഗങ്ങൾ കൂടി കോണ്‍ഗ്രസ് പാളയത്തിൽ എത്തിയതോടെ സർക്കാർ കൂടുതൽ ആത്മവിശ്വാസത്തിലാണ് ഉള്ളത്.