ലഖിംപുർ കർഷക കൂട്ടക്കൊല; മന്ത്രിപുത്രന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം

Jaihind Webdesk
Thursday, February 10, 2022

ഉത്തർപ്രദേശ് : ലഖിംപുർ ഖേരി കര്‍‌ഷക കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ആശിഷ് അടക്കം  14 പേർക്കെതിരെ കേസന്വേഷിക്കുന്ന ഉത്തർ പ്രദേശ് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് ബിജെപി പ്രവർത്തകരടക്കം മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.

കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേർ ജയിലിലിലായിരുന്നു. വീരേന്ദ്ര കുമാർ ശുക്ല എന്നയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിരുന്നു.ോക