ആഷസ്: പെര്‍ത്തില്‍ വിക്കറ്റ് മഴ; ആദ്യദിനം വീണത് 19 വിക്കറ്റുകള്‍; ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്

Jaihind News Bureau
Friday, November 21, 2025

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം പെര്‍ത്തില്‍ കണ്ടത് ബൗളര്‍മാരുടെ തേരോട്ടം. ഒരേദിവസം 19 വിക്കറ്റുകള്‍ വീണ മത്സരത്തില്‍ ഇരു ടീമുകളുടെയും ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഏഴ് വിക്കറ്റ് പ്രകടനത്തില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 172 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ബെന്‍ സ്റ്റോക്‌സിന്റെ അവിശ്വസനീയമായ സ്‌പെല്ലിന് മുന്നില്‍ 123/9 എന്ന നിലയില്‍ തകര്‍ന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനേക്കാള്‍ 49 റണ്‍സ് പിന്നിലാണ്.

ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണര്‍മാരായ ജേക്ക് വെതറാള്‍ഡ് (0), മാര്‍നസ് ലബുഷെയ്ന്‍ (9) എന്നിവര്‍ വേഗത്തില്‍ മടങ്ങി. സ്റ്റീവ് സ്മിത്ത് (17), ഉസ്മാന്‍ ഖവാജ (2) എന്നിവരുടെ വിക്കറ്റുകള്‍ ബ്രൈഡന്‍ കാര്‍സ് വീഴ്ത്തിയതോടെ ഓസീസ് പ്രതിരോധത്തിലായി. പിന്നീടായിരുന്നു ബെന്‍ സ്റ്റോക്‌സിന്റെ മാസ്മരിക പ്രകടനം. വെറും ആറ് ഓവറുകള്‍ മാത്രം എറിഞ്ഞ സ്റ്റോക്‌സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി. ട്രാവിസ് ഹെഡ് (21), കാമറൂണ്‍ ഗ്രീന്‍ (24), അലക്‌സ് കാരി (26), മിച്ചല്‍ സ്റ്റാര്‍ക്ക് (12), സ്‌കോട്ട് ബോളണ്ട് (0) എന്നിവരെയാണ് സ്റ്റോക്‌സ് പുറത്താക്കിയത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ‘ബാസ്ബോള്‍’ തന്ത്രങ്ങളെ തകര്‍ത്തെറിയുന്ന പ്രകടനമായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റേത്. ആദ്യ ഓവറില്‍ തന്നെ സാക്ക് ക്രൗളിയെ (0) പുറത്താക്കി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ജോ റൂട്ടിനെയും പൂജ്യത്തിന് മടക്കിയ സ്റ്റാര്‍ക്ക് ഇംഗ്ലീഷ് മുന്‍നിരയെ തകര്‍ത്തു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 105/4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഒലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തി കാമറൂണ്‍ ഗ്രീനും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 172 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിച്ചു.