തിരുവനന്തപുരം: സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 13-ാം ദിനത്തിലേക്ക് കടന്നു. ഇതിനിടയില്‍ സമരത്തെ നേരിടുന്നതിന് സര്‍ക്കാര്‍ ചില നീക്കങ്ങള്‍ ആരംഭിച്ചു എന്നാണ് റിപ്പോട്ടുകള്‍. സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുകയാണ്. ഗൂഗിള്‍ ഫോം വഴിയാണ് വിവരശേഖരണം. എന്തൊക്കെ പ്രതികാര നടപടി എടുത്താലും ശക്തമായി സമരവുമായി മുന്നോട്ടു പോകുമെന്നനിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍. രണ്ടാഴ്ചയോളമായ സമരത്തിന് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഇന്ന് വീണ്ടും സമരപ്പന്തലില്‍ എത്തും. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും എം ലിജുവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ആശാവര്‍ക്കര്‍മാരെ കൈവിട്ടത് ക്രൂരമായിപ്പോയെന്നാണ് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുവാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.