ആശമാര്‍ക്ക് പ്രതീക്ഷയേകി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. നാളെ 3 മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടക്കുന്നത്. ഓണറേറിയവും പെന്‍ഷന്‍ തുക അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആശമാര്‍. ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ ആശമാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. കഴിഞ്ഞ രണ്ട് ചര്‍ച്ചകളും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയാറാകാതെ സമരം അവസാനിപ്പിക്കണമെണ് ആവശ്യപ്പെടുക മാത്രമായിരുന്നു മന്ത്രി ചെയ്തത്.
ഇത്രയും ജനപിന്തുണ നേടിയ സമരം അടുത്ത കാലത്ത് കേരളത്തില്‍ കണ്ടിട്ടില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. പ്രഹസനമാകാതെ യാഥാര്‍ഥ്യ ബോധത്തോടെ കണ്ട് ചര്‍ച്ചയ്ക്ക് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കേന്ദ്ര മന്ത്രി ജെ.പി നദ്ദയുമായി നടന്ന കൂടിക്കാഴ്ചയുടെ ഫലം എന്താണെന്ന് എല്ലാവരും കണ്ടതാണ്. ആശമാരുടെ വിഷയം അവതരിപ്പിച്ചെങ്കിലും അതിന്റെ ബാക്കി പത്രം എന്താണെന്നുള്ളത് വ്യക്തമല്ല. അതിനാല്‍ തന്നെ ചര്‍ച്ചയില്‍ ഒരു പുതുമയുമുണ്ടായില്ലെന്ന് ആശമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. നാളെ നടക്കാന്‍ പോകുന്ന ചര്‍ച്ച അതുപോലെയായി മാറാന്‍ പാടില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.