ആശമാരുടെ രാപകല്‍ സമരയാത്ര കണ്ണൂരില്‍

Jaihind News Bureau
Thursday, May 8, 2025

 


എം എ ബിന്ദു നയിക്കുന്ന ആശാമാരുടെ രാപ്പകല്‍ സമര യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രയാണം തുടരുന്നു. രാവിലെ കമ്പില്‍ പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച ജാഥ പ്രസിഡന്റ് കെ പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മട്ടന്നൂര്‍ നഗര സഭകളില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ പ്രയാണത്തിനുശേഷം രാത്രി ഇന്നത്തെ യാത്ര കണ്ണൂരില്‍ സമാപിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയാവും. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആണ് ജാഥാംഗങ്ങളുടെ ഇന്നത്തെ രാത്രി ഉറക്കം. നാളെ കൂത്തുപറമ്പില്‍ നിന്നാണ് ജാഥ പ്രയാണം തുടങ്ങുന്നത്.

കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച 45 ദിവസം നീണ്ടുനില്‍ക്കുന്ന സമരയാത്ര ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും. നൂറുകണക്കിന് ആശാ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ ജാഥയില്‍ അണിചേരും. ജാഥാംഗങ്ങള്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങിയായിരിക്കും യാത്ര പ്രയാണം തുടരുക. ഓണറേറിയം വര്‍ദ്ധിപ്പിക്കുക വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കഴിഞ്ഞ 85 ദിവസമായി അതിജീവന പോരാട്ടം തുടരുന്നത്. ചര്‍ച്ചകള്‍ക്ക് പോലും വഴിയടച്ചുകൊണ്ട് സര്‍ക്കാര്‍ നി ഷേധാത്മക സമീപനം തുടരുന്നതോടെയാണ് ഇവര്‍ സഞ്ചരിക്കുന്ന ‘രാപകല്‍ സമര യാത്ര’യുമായി സമരം കൂടുതല്‍ ശക്തമാക്കുന്നത്.