കണ്ണില്ലാ ക്രൂരതയ്ക്ക് മറുപടിയായി ഇന്ന് ആശമാരുടെ കൂട്ട ഉപവാസ സമരം

Jaihind News Bureau
Monday, March 24, 2025

സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടരുന്ന ആശ പ്രവര്‍ത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ ഇന്ന് കൂട്ട ഉപവാസ സമരം നടക്കും. ആശാ പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും ഉപവാസ സമരത്തില്‍ പങ്കെടുക്കും. ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളില്‍ ഉപവാസം അനുഷ്ഠിച്ച് സ്ത്രീകള്‍ സമരത്തില്‍ പങ്കാളികളാകും. സമരവേദിയില്‍ എത്തിച്ചേരാന്‍ കഴിയാത്ത ആശാവര്‍ക്കര്‍മാര്‍ അതത് സെന്ററുകളിലോ പ്രത്യേക കേന്ദ്രങ്ങളിലോ ഉപവാസ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം അഞ്ചാം ദിനത്തിലേക്കും രാപ്പകല്‍ സമരം 43-ാം ദിവസത്തിലേക്കും കടന്നു. അങ്കണവാടി ജീവനക്കാരുടെ രാപ്പകല്‍ സമരം എട്ടാം ദിനവും തുടരുകയാണ്. ശക്തമായ സമരം തുടരുന്ന സമരക്കാര്‍ക്ക് നേരെ കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന് ഇനി എന്ത് കാണിച്ചാലാകും കുറച്ചെങ്കിലും മനസ്സലിവുണ്ടാകുക? സമരക്കാര്‍ക്ക് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിക്കും മുഖ്യമന്ത്രിക്കും അവരെ ഒന്ന് തിരിഞ്ഞു നോക്കാനുള്ള മനസാക്ഷി പോലുമില്ല. ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഇന്ന് ഉപവാസ സമരത്തിലേക്കോ രാപ്പകല്‍ സമരം 43 ആം ദിനത്തിലേക്കോ കടക്കില്ലായിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കുന്നതടക്കമുള്ള ന്യായമായ ആവശ്യങ്ങള്‍ക്കാണ് ആശമാര്‍ സമരം തുടരുന്നത്.