
കേരളത്തിലെ ആരോഗ്യരംഗത്തെ അദൃശ്യശക്തികളാണ് ആശാ വര്‍ക്കര്‍മാര്‍. തദ്ദേശീയ തലത്തില്‍ ആരോഗ്യ പരിപാലനത്തിന്റെ നെടുംതൂണായി നില്‍ക്കുന്ന ഈ സാധാരണ സ്ത്രീകള്‍ തങ്ങളുടെ തുച്ഛമായ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. ഇന്നലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ദ്ധനവാകട്ടെ, വെറും 33 രൂപ. ഈ വര്‍ദ്ധനവ് തന്നെ ആശമാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഈ വര്‍ദ്ധനവ് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ദിവസേന കേവലം 33 രൂപയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഊറ്റം കൊള്ളുന്ന സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടി നീതികേടാണ്. ‘ഈ തുച്ഛമായ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഊറ്റം കൊള്ളുന്ന മന്ത്രിക്ക് ഉളുപ്പുണ്ടോ?’ എന്ന ആശാ വര്‍ക്കര്‍മാരുടെ രോഷം കേരള സര്‍ക്കാരിന്റെ മുഖത്തുനോക്കിയുള്ള ചോദ്യമാണ്.
കൊവിഡ് കാലത്തും, പ്രളയകാലത്തും, മറ്റ് ആരോഗ്യ പ്രതിസന്ധികളിലും സ്വന്തം ജീവന്‍ പോലും പണയം വെച്ച് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ആശാ വര്‍ക്കര്‍മാര്‍. കടുത്ത ചൂടിലും മഴയിലും വീടുകള്‍ തോറും കയറി ഇറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയും രോഗികളെ സഹായിക്കുകയും ചെയ്യുന്ന ഇവരുടെ സേവനത്തിന് സര്‍ക്കാര്‍ നല്‍കുന്ന ‘വില’ 33 മാത്രമാണോ?
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ചൂണ്ടിക്കാണിച്ചത് പോലെ, ഒരുവശത്ത് പെന്‍ഷന്‍ കുടിശ്ശിക ഒരു ലക്ഷം കോടി രൂപയോളം വരുമ്പോള്‍, മറുവശത്ത് അവശ്യ സേവനം നല്‍കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യം പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഹൈക്കോടതി പോലും ഓണറേറിയം ഗൗരവകരമായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, ഈ തൊഴിലാളി വിഭാഗത്തെ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
‘ഉചിതമായ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ’ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഇന്ന് ചേരുന്ന സമരസമിതിയുടെ യോഗം ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. 33 എന്ന ‘തമാശ’ തിരുത്തി, ആശാ വര്‍ക്കര്‍മാരുടെ ത്യാഗപൂര്‍ണ്ണമായ സേവനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ അതോ ഈ സമരത്തെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുമോ എന്ന് കാത്തിരുന്ന് കാണാം.