9 വര്‍ഷം ശീതീകരിച്ച മുറികളില്‍ കൊണ്ടാടിയ അധികാരമല്ല, നൂറുദിവസം തുടര്‍ച്ചയായി വെയിലത്തും മഴയിലും മഞ്ഞിലും നീതിക്കായി അവര്‍ മുദ്രാവാക്യം വിളിച്ച രാപ്പകലുകളാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനം കണ്‍മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് എംപി ആശമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റിട്ടത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
9 വര്‍ഷം ശീതീകരിച്ച മുറികളില്‍ കൊണ്ടാടിയ അധികാരമല്ല, നൂറുദിവസം തുടര്‍ച്ചയായി വെയിലത്തും മഴയിലും മഞ്ഞിലും നീതിക്കായി അവര്‍ മുദ്രാവാക്യം വിളിച്ച രാപ്പകലുകളാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനം കണ്‍മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത്. നീതി നിഷേധത്തിന്റെ പ്രതീകങ്ങളായി കേരളത്തിന്റെ ഹൃദയത്തിലുണ്ട് ആശമാര്‍, അധിക്ഷേപങ്ങള്‍ അതിജീവിച്ച് അവര്‍ നടത്തുന്ന സമരപോരാട്ടം. സന്തോഷത്തിന്റെ കേക്ക് മുറിച്ച് സഹപ്രവര്‍ത്തകരുടെ കൈകളില്‍ നല്‍കാന്‍ നീതിനിഷേധകര്‍ക്ക് കഴിയുമെങ്കില്‍, അധികാരത്തെ വെല്ലുവിളിച്ച് നടത്തുന്ന സമരത്തിന്റെ തീ പകര്‍ന്നുനല്‍കുകയാണ് നീതി നിഷേധിക്കപ്പെട്ടവര്‍. അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നീതിയാവശ്യപ്പെടുമ്പോള്‍ കണ്ണ് തുറക്കാത്ത ഭരണകൂടം കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ നെറികേടിന്റെ വക്താക്കളായി അറിയപ്പെടും. സംശയമില്ല. കോടിക്കണക്കിന് രൂപ ചിലവിട്ട് നവകേരളാ സദസ്സും കണക്കില്ലാത്ത പണം ചിലവഴിച്ച് വാര്‍ഷികാഘോഷവും ലക്ഷങ്ങള്‍ മുടക്കി പിഎസ് സി അംഗങ്ങള്‍ക്ക് ശമ്പള വര്‍ധനവും യഥേഷ്ടം നല്‍കുന്ന സര്‍ക്കാര്‍ തന്നെയാണ് ആശമാരുടെ 7000 രൂപയ്ക്ക് നേരെ അധിക്ഷേപവര്‍ഷം ചൊരിയുന്നത്. അടിമുടി മുതലാളിത്തവത്കരിക്കപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ അടിസ്ഥാന ജനാവിഭാഗങ്ങളെ ഒറ്റുകൊടുക്കുകയാണ്. സ്ത്രീകളും ദളിതരും തൊഴിലാളികളും ശത്രുക്കളും അനഭിമതരാകുന്ന കാലത്താണ് കേരളം ഇന്ന് നിലകൊള്ളുന്നത്. ചൂഷകരായ അഭിനവ ജന്മിത്തവര്‍ഗമാണ് ഇന്ന് സെക്രട്ടറിയേറ്റില്‍ ഭരണം കൈയാളുന്നത്. അതില്‍ നിന്നുള്ള വിമോചന പോരാട്ടത്തിന്റെ നാഴികക്കല്ലാവും ആശാ വര്‍ക്കര്‍മാര്‍. അവരുടെ വിയര്‍പ്പില്‍ ഉരുകിത്തീരും ഈ സര്‍ക്കാര്‍.
കവി റഫീക്ക് അഹമ്മദ് എഴുതിയത് പോലെ,
‘നാളെയുമുണ്ടീ ലോകം, നിങ്ങള്‍ നാളുകളെണ്ണിയിരുന്നോളൂ.
ഭാവിചരിത്രം നിങ്ങളെയെഴുതും,
കരിമഷിയില്‍ കനല്‍ വിരല്‍ മുക്കി
നീതി ജയിക്കും അബലകള്‍
ഞങ്ങടെ ആശകളൊരുനാള്‍ പൂവണിയും പൂവണിയും..’
പ്രിയപ്പെട്ട സമരപോരാളികള്‍ക്ക് ആദരവോടെ ഒരായിരം അഭിവാദ്യങ്ങള്‍.