തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സര്‍ക്കാര്‍ എത്രയും വേഗം ഈ റിപ്പോര്‍ട്ട് കാബിനറ്റില്‍ വെച്ച് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ രമേശ് ചെന്നിത്തല രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. വര്‍ഷങ്ങളോളം നടപടിയെടുക്കാത്ത സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. കോണ്‍ക്ലേവ് നടത്തിയവര്‍ക്ക് കപട ഭക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി കാപട്യമാണ് കാണിക്കുന്നത്. അദ്ദേഹത്തിന് ശബരിമലയിലും താല്‍പര്യമില്ല, അയ്യപ്പന്റെ കാര്യത്തിലും താല്‍പര്യമില്ല. വോട്ടിനു വേണ്ടിയാണ് പുതിയ വേഷം കെട്ടിയിറങ്ങിയത്. ഒരു ആത്മാര്‍ത്ഥതയും വിശ്വാസികളോട് സര്‍ക്കാരിനില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എന്‍.എസ്.എസ്. എന്നും മതേതര നിലപാടാണ് എടുത്തിട്ടുള്ളത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പമാണ് തങ്ങളെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയത്തില്‍ സമദൂര നിലപാടാണ് എന്‍.എസ്.എസ്. സ്വീകരിച്ചിട്ടുള്ളതെന്നും, അവര്‍ ഇടതുപക്ഷത്തേക്ക് ചായുന്നു എന്ന പ്രചാരണം അസ്ഥാനത്താണെന്നും ചെന്നിത്തല വ്യക്തമാക്കി.
‘കോണ്‍ഗ്രസിന് എന്‍.എസ്.എസ്സുമായി നല്ല ബന്ധമുണ്ട്. ഒരു സമുദായ സംഘടനകളെയും കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയിട്ടില്ല. എന്നാല്‍, സമുദായ സംഘടനകളെ ഏറ്റവും കൂടുതല്‍ അപമാനിച്ചത് ഈ സര്‍ക്കാരാണ്,’ അദ്ദേഹം ആരോപിച്ചു.
അതേസമയം തമിഴ്നാട്ടില്‍ വിജയ്യുടെ റാലിക്കിടെയുണ്ടായ കരൂര്‍ അപകട വാര്‍ത്ത ദുഃഖത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. അതീവ വേദനാജനകമായ ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.