ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരം മുപ്പത്തിയൊമ്പതാം ദിവസമാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് പുതിയ ഘട്ടത്തിലേയ്ക്കു കടക്കുകയാണ്.
ഇന്ന് മുതല്‍ സമരസമിതി പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങും. ഡോ. കെ ജി താര ഉദ്ഘാടനം ചെയ്യും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് ഇന്നു മുതല്‍ നിരാഹാര സമരം നടത്തുക. പൊരിവെയിലും കനത്ത മഴയും തളര്‍ത്താത്ത സമരാവേശവുമായി ആശ മാരുടെ സമരം പുതിയ തലത്തിലേക്ക് മാറുകയാണ്.ഇവരുടെ സമരവേദിക്ക് സമീപമായി അംഗന്‍വാടി ജീവനക്കാരും രാപ്പകല്‍ സമരം തുടരുകയാണ്.അംഗന്‍വാടി ജീവനക്കാരുടെ സമരം നാലാം ദിനത്തിലേക്ക് കടന്നു. വിഷയ മിന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തും.
ആരോഗ്യമന്ത്രിയും എന്‍എച്ച്എം ഡയറക്ടറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണാനാണ് മന്ത്രിയുടെ ശ്രമം. എന്നാല്‍ ഈ കൂടിക്കാഴ്ച എപ്പോള്‍ നടക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആശമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.വിനയ് ഗോയല്‍ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു.
പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ആശമാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ അതും അലസിപ്പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ മന്ത്രി തയ്യാറായില്ല. പക്ഷേ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമരം തുടരാന്‍ ആശമാര്‍ തീരുമാനിച്ചത്. മുന്‍ നിശ്ചയപ്രകാരം വ്യാഴാഴ്ച തന്നെ നിരാഹാരസമരം തുടങ്ങും.