ആശമാരുടെ മെയ്ദിന റാലി നാളെ, രാപകല്‍ സമരയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും

Jaihind News Bureau
Wednesday, April 30, 2025

സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് 1 ന് ആശമാര്‍ മെയ്ദിന റാലി റാലി നടത്തും നൂറു കണക്കിന് ആശമാരും തൊഴിലാളികളും അണിനിരക്കുന്ന റാലി രാവിലെ 10 മണിക്ക് ആരംഭിക്കും. ‘ഈ മെയ്ദിനം ആശമാര്‍ക്കൊപ്പം’ എന്ന ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഇതിനോടകം പൊതുസമൂഹം ഏറ്റെടുത്തിട്ടുണ്ട്. രാപകല്‍ സമരത്തിന്റെ 81 -ാം ദിവസമായ നാളെ വിവിധ തൊഴിലാളി സംഘടനകളും പരസ്യ പിന്തുണയുമായി സമരവേദിയില്‍ എത്തിച്ചേരും.

പോരാട്ട പാതയില്‍ വന്നുചേര്‍ന്ന പ്രതിസന്ധികളെ വീറുറ്റ മനസ്സോടെ തരണം ചെയ്തവരാണ് ആശമാര്‍. ആശമാരുടെ ആ നിശ്ചയദാര്‍ഢ്യമാണ് സമരത്തിന്റെ ഇന്ധനം.
‘രാപകല്‍ സമരയാത്ര’ എന്ന പുതിയ സമരഘട്ടത്തിന് ഉജ്ജ്വല തുടക്കം നല്‍കാന്‍ സമരവേദിയിലെ മെയ്ദിനാചരണത്തിന് സാധിക്കുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം എ ബിന്ദു പറഞ്ഞു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, മെയ് 5 ന് തുടങ്ങി ജൂണ്‍ 17 ന് അവസാനിക്കുന്ന രാപകല്‍ സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമര പന്തലില്‍ നടക്കും. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി മത്തായി ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കും.സമര പതാക എം എ ബിന്ദുവിന് കൈമാറും.

നിരാഹാര സമര 42-ാം ദിവസം

കെ എ എച്ച് ഡബ്യൂ എ സംസ്ഥാന കമ്മിറ്റിയംഗം പി. ലാര്യ,തിരുവനന്തപുരം മാറനല്ലൂര്‍ എഫ് എച്ച് സി യിലെ എന്‍.ശോഭന കുമാരി,കോട്ടയം പൂഞ്ഞാര്‍ ജി വി രാജ എഫ് എച്ച് സിയിലെ ലേഖ സുരേഷ് എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.