ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി.
വട്ടിയൂര്‍ക്കാവ് യു പി എച്ച് സി യിലെ ആശാവര്‍ക്കര്‍ ശോഭ എംനെ യാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പകരം കുളത്തൂര്‍ FHC യിലെ ആശാ വർക്കർ ഷൈലജ എസ് നിരഹാര സമരം ഏറ്റെടുത്തു.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, വട്ടിയൂര്‍ക്കാവ് യു പി എച്ച് സി യിലെ ആശാവര്‍ക്കര്‍ കെ പി തങ്കമണി എന്നിവര്‍ ആറാം ദിവസവും നിരാഹാര സമരം തുടരുകയാണ്. സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 44 ദിനങ്ങള്‍ ആയിരിക്കുകയാണ്. സമരം നടത്തിയിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കാത്ത സര്‍ക്കാരിനെതിരെ ശക്തമായ രീതിയിലാണ് സമരക്കാര്‍ പോരാടുന്നത്. സമരത്തിന്റെ മൂന്നാം ഘട്ടമായിരുന്നു നിരാഹാരം. ഇന്ന് 6 ദിനങ്ങള്‍ പിന്നിടുകയാണ് നിരാഹാരം തുടങ്ങിയിട്ട്. ഇനിയും കണ്ണ് തുറക്കാത്ത സര്‍ക്കാരിനെതിരെ പോരാടാന്‍ തന്നെയാണ് പ്രവര്‍ത്തകരുടെ നീക്കം.