ആശമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് സമരസമിതി സംസ്ഥാനത്ത് ഉടനീളം കരിദിനം ആചരിച്ചു. ആശാവര്‍ക്കര്‍മാര്‍ കറുത്ത വസ്ത്രവും ബാഡ്ജും ധരിച്ചാണ് ജോലി ചെയ്തത്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെയും സമര സഹായ സമിതികളുടെയും നേതൃത്വത്തില്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി. സംസ്ഥാന തല കരിദിനാചരണം സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
അധികാരത്തിന്റെ അഹങ്കാരം സര്‍ക്കാരിന് തലക്ക് പിടിച്ചിരിക്കുന്നതായി വിഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഒന്നാം നമ്പര്‍ ശത്രു ആശാ വര്‍ക്കര്‍മാരാണ്. ആശമാരെ തോല്‍പിക്കാനായി അവരുടെ മേല്‍ വണ്ടി ഇടിച്ച് കയറ്റാനും മൈക്ക് എടുത്തുകൊണ്ട് പോകാനുമാണ് ജനങ്ങള്‍ നല്‍കിയ അധികാരം കൊണ്ട് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നിട്ട് തോല്‍പ്പിക്കാന്‍ പറ്റിയോ? സര്‍ക്കാരാണ് തോറ്റത്.അതിനെ എല്ലാം തരണം ചെയ്ത ആശമാര്‍ക്ക് ബിഗ് സല്യൂട്ട് തരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമങ്ങളെ സധൈര്യം നേരിട്ട സമര നേതാക്കളെ ഹസ്തദാനം നല്‍കി അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
കറുത്ത വസ്ത്രവും ബാഡ്ജും കൊടിയുമായി ആശമാര്‍ സെക്രട്ടേറിയറ്റ് പടിക്കലും പ്രതിഷേധ പ്രകടനം നടത്തി. എട്ട് മാസത്തിലേറെയായി സമാധനപരമായി നടക്കുന്ന പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിനെതിരെ ആശമാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. വിവിധ ഇടങ്ങളില്‍ നടന്ന മൊഡ്യൂള്‍ പരിശീലന പരിപാടിയിലും ആശമാര്‍ പ്രതിഷേധം രേഖപ്പെടുത്തി. നീതി ലഭിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് അല്പം പോലും പിന്നോട്ടില്ലെന്നും ഭയപ്പെടുത്തിയും ആക്രമിച്ചും സ്ത്രീ തൊഴിലാളികളുടെ ന്യായമായ സമരത്തെ തകര്‍ക്കാനുള്ള ശ്രമം തീക്കളിയാണെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു കുറ്റപ്പെടുത്തി.