ആശമാര്‍ നിരാഹാരത്തിലേക്ക്; മന്ത്രി വീണയുമായുള്ള ചര്‍ച്ചയും പരാജയം

Jaihind News Bureau
Wednesday, March 19, 2025

ഒടുവില്‍ രണ്ടാം വട്ട ചര്‍ച്ചയും പരാജയമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജുമായി നടത്തിയ മന്ത്രി തല യോഗവും പരിഹാരം കാണാതെ അവസാനിക്കുകയായിരുന്നു. ഇന്ന് രാവിലെ എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത ഒന്നാം വട്ട ചര്‍ച്ച തീര്‍ത്തും പരാജയമായിരുന്നു. അതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു. നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.

സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ ന്യായമായ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. 38 ആം ദിനത്തിലേക്ക് കടന്നപ്പോഴാണ് ഒരു ചര്‍ച്ച എന്ന നിലയില്‍ ആശമാരുമായി സംസാരിക്കാന്‍ തന്നെ സര്‍ക്കാര്‍ തയാറാകുന്നത്. എന്നാല്‍, അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല. സമരം പൊളിക്കാന്‍ പലവിധത്തിലും സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നിട്ടും അതില്‍ നിന്നും പിന്മാറാതെ ശക്തമായി സമരം തുടരുന്ന ആശമാരെ തന്ത്രപരമായി ഒത്തു തീര്‍പ്പിന് വിളിച്ചതായിട്ടാണ് ആദ്യ വട്ട ചര്‍ച്ചയെ കാണേണ്ടത്. വൈകാരികമായി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ച ആശമാരെ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു ഉന്നതതല ചര്‍ച്ച നടന്നത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരാവശ്യങ്ങളും ചര്‍ച്ചയില്‍ എടുത്തില്ല എന്ന് മാത്രമല്ല, ചര്‍ച്ച അവസാനിപ്പിണമെന്ന് പറയാന്‍ മാത്രമാണ് അങ്ങനെയൊരു ചര്‍ച്ച തന്നെ വച്ചത് എന്ന് സമര സമിതി നേതാവ് മിനി വ്യക്തമാക്കി. തീരുമാനം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, യാഥാത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് സമരക്കാരോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന തെറ്റായ പ്രചരണം നടക്കുന്നെന്നും ദേശീയ മാനദണ്ഡ പ്രകാരമല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ പഴിക്കുകയും സര്‍ക്കാരിന്റെ ദാരിദ്ര്യ അവസ്ഥ വീണ്ടും എടുത്തു പറയുകയും ചെയ്യുന്ന നിലപാടാണ് ചര്‍ച്ചയിലും മന്ത്രി കൊണ്ടുവന്നത്. പാവങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പോലും തയാറാകാത്ത ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് സമരം പൊളിക്കാനുള്ള ഒരു പ്രഹസനം മാത്രമായിരുന്നു ചര്‍ച്ചയെന്നത് ഉറപ്പാണ്. എന്തായാലും ചര്‍ച്ച പരാജയമായ സ്ഥിതിക്ക് നാളെ രാവിലെ 11 മണിമുതല്‍ നിരാഹാര സമരം തുടരാനാണ് ആശമാരുടെ തീരുമാനം.