സമരം ശക്തമാക്കി കൊണ്ടു ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. സേവന വേതന പരിഷ്‌ക്കരണമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 36-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഇവര്‍ രണ്ടാംഘട്ട സമരം ആരംഭിക്കുന്നത്. രാവിലെ 9 മണിയോടെ സമരസമിതി ഭരണസിരാകേന്ദ്രത്തിന്റെ എല്ലാ കവാടങ്ങളും ഉപരോധിക്കാന്‍ തുടങ്ങി. ഉദ്യോഗസ്ഥരെയും ജീവനക്കാരേയും സെക്രട്ടറിയേറ്റിലേക്ക് പ്രവേശിപ്പിക്കാതെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് ആശാപ്രവര്‍ത്തകരാണ് തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപരോധ സമരം പൊളിക്കുവാന്‍ സര്‍ക്കാര്‍ ഇന്ന് വിവിധ ജില്ലകളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലന പരിപാടി നിശ്ചയിച്ചിരുന്നു. കര്‍ശനമായി ആശാവര്‍ക്കര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആരോഗ്യ വകുപ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ തന്ത്രങ്ങളെയും സമ്മര്‍ദ്ദങ്ങളെയും മറികടന്നുകൊണ്ടാണ് ആയിരക്കണക്കിന് ആശമാരെ ആണിനിരത്തി സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചത്.