തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

Saturday, November 4, 2023

 

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് സർക്കാരിന്‍റെ ജനകീയ പിന്തുണയിൽ അടിപതറിയ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്ന് കോൺഗ്രസ്. ഭൂപേഷ് ബാഘെലിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും എതിരെയുള്ള കള്ളപ്രചാരണത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. രാജസ്ഥാനിലെ ഇഡി വേട്ടയാടലിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.

ഭൂപേഷ് ബാഘെല്‍ സർക്കാർ തുടർഭരണം നേടും എന്ന ഭയമാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘെലിൽ തങ്ങൾക്ക് അഭിമാനം ഉണ്ടെന്നും ബിജെപിയുടെ ഇത്തരം വേട്ടയാടലുകള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.

മഹാദേവ് ആപ്ലിക്കേഷൻ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആദ്യമായി ചത്തീസ്ഗഢ് ഗവൺമെന്‍റ് ആണ് കേസ് ചാർജ് ചെയ്തത്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ആപ്പിന്‍റെ സൂത്രധാരരെ പിടികൂടണമെന്നും ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് സർക്കാര്‍ കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. ബിജെപിക്ക് പണം ലഭിച്ചതിനാലാണ് ആപ്പ് നിരോധിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കാത്തതെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ് സർക്കാര്‍ തുടങ്ങിവെച്ച അന്വേഷണം കേന്ദ്രം ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയവേട്ടയാടലിനായി വഴിതിരിച്ചുവിടുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഛത്തീസ്ഗഢ് സർക്കാരിന്‍റെ ജനപ്രീതിയില്‍ വിറളിപൂണ്ട ബിജെപി ഏതുവിധേനയും അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും ബിജെപിയുടെ ദുഷ്ടലാക്കോടെയുള്ള നീക്കത്തിന് ജനം മറുപടി നല്‍കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിൽ ബിജെപിയുടെ തിരിമറികളെ പറ്റി സുപ്രീം കോടതി തന്നെ പരാമർശം നടത്തിയിട്ടുണ്ടെന്ന് പ്രവർത്തകസമിതിയംഗം മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കുകയാണ് ബിജെപിയുടെ ഈ നീക്കം. ബിജെപിയുടെ ഇത്തരം വേട്ടയാടല്‍ നീക്കങ്ങളെ ഒറ്റക്കെട്ടായി ശക്തമായി പ്രതിരോധിക്കും എന്നും നേതാക്കൾ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.