സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം : ബിജെപിയില്‍ പടമുറകുന്നു; പാര്‍ട്ടിക്കെതിരെ തുറന്നടിച്ച് കവിത ഖന്ന

Jaihind Webdesk
Thursday, April 25, 2019

ബോളിവുഡ് താരം സണ്ണി ഡിയോളിനെ ഗുരുദാസ്പൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനത്തിനെതിരെ എംപിയും നടനുമായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന. ഭർത്താവ് നാല് തവണ വിജയിച്ച മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞ് പാർട്ടി വഞ്ചിച്ചെന്ന് കവിത തുറന്നടിച്ചു. തന്നെ എംപിയായി കാണാനാഗ്രഹിക്കുന്ന ജനങ്ങളെ പാർട്ടി മറന്നുവെന്നും കവിത പറഞ്ഞു. താൻ ചതിക്കപ്പെട്ടുവെന്ന് കവിത പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

എല്ലാ സാധ്യതകളും ഇപ്പോഴും തുറന്നിരിക്കുകയാണെന്നും മണ്ഡലത്തിൽ സ്വതന്ത്ര്യ സ്ഥാനാർഥിയാകുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിക്കുമെന്നും നാലു തവണ ഗുർദാസ്പൂരിലെ പാർലമെൻറിൽ പ്രതിനിധീകരിച്ച വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന പറഞ്ഞു. രണ്ടു വർഷം മുമ്പ് വിനോദ് ഖന്ന അന്തരിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.

അന്നു കവിത സ്ഥാനാർഥിയാകുമെന്നു കരുതപ്പെട്ടെങ്കിലും വ്യവസായിയായ സ്വരൺ സലാരിയയെയാണ് ബിജെപി മണ്ഡലം നിലനിർത്താൻ നിയോഗിച്ചത്. എന്നാൽ കോൺഗ്രസിന്‍റെ സുനിൽ ജാക്കറിനോട് സലാരിയ ദയനീയ തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. ഇദ്ദേഹത്തിന്‍റെ അച്ഛൻ ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറിൽനിന്നു ലോക്‌സഭാംഗമായിട്ടുണ്ട്. ധർമേന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ഹേമമാലിനി യുപിയിലെ മഥുരയിലെ ബിജെപി സ്ഥാനാർഥിയാണ്. 2014ലും ഹേമമാലിനി മഥുരയിൽനിന്നു വിജയിച്ചിരുന്നു.