M M HASSAN| ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ് ശ്രീജയുടെ മരണം: സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് എം എം ഹസ്സന്‍

Jaihind News Bureau
Monday, September 8, 2025

ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ് ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍. ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റ് ബിജുമോഹന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീജയുടെ ഭര്‍ത്താവും മകളും പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നിര്‍ദ്ദേശാനുസരണം കേസെടുക്കാതെ പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ നീക്കമെങ്കില്‍ അത്തരം ആളുകള്‍ സര്‍വീസില്‍ ഉണ്ടാകണമോ എന്ന് അടുത്ത യുഡിഎഫ് സര്‍ക്കാരിന് തീരുമാനിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.