ജൂണ്‍ 27ന് നിലമ്പൂര്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. 27 ന് മൂന്ന് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്ന് മലപ്പുറം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളെ കാണവെ അദ്ദേഹം വ്യക്തമാക്കി. അതേസമയം സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നത് ഏറ്റവുംവലിയ പ്രത്യേകതയാണ്. എല്‍ഡിഎഫ് ഭരണത്തിന്റെ ദുര്‍സ്ഥിതിയാണ് ജനങ്ങള്‍ വോട്ടായി നല്‍കിയതെന്നും ജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടന്നത്. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികള്‍ ഒമ്പത് വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. അവ പൂര്‍ത്തീകരിക്കുകയാണ് പ്രധാന ആഗ്രഹമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. സര്‍ക്കാര്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബൈപാസ്, കെഎസ്ആര്‍ടിസി ടെര്‍മിനല്‍-ഗവണ്‍മെന്റ് കോളേജ് എന്നിവയുടെ പൂര്‍ത്തീകരണം, വന്യമൃഗ ശല്യം പരിഹരിക്കല്‍ തുടങ്ങിയവക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് മിന്നും വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്തിലൂടെ യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്. എല്ലാപഞ്ചായത്തിലും നഗരസഭയിലും യു ഡി എഫിന്റെ സമ്പൂര്‍ണ മുന്നേറ്റമാണുണ്ടായത്.