മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിന്റെ സഹോദരന് ആര്യാടന് മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം രാത്രി 9:30 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മരണത്തെത്തുടര്‍ന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ വിജയാഘോഷം നിര്‍ത്തിവച്ചു. പിതാവിന്റെ സഹോദരന്റെ മരണത്തില്‍ ആര്യാടന് ഷൗക്കത്ത് ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:
‘പ്രിയപ്പെട്ട ബാപ്പുവും പോയി,
നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്,യുഡിഎഫിന്റെ വിജയത്തിന്,
ഈ അംഗീകാരത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു.
കുഞ്ഞാക്കാന്റെ വേര്പാടിന് ശേഷം അദ്ദേഹത്തിന്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു…’