വൈഷ്ണയുടെ വോട്ട് വെട്ടിയത് ആര്യ രാജേന്ദ്രന്‍റെ ഓഫിസ്; ‘കള്ളവോട്ട് ഓപ്പറേഷ’ന്‍റെതെളിവ് പുറത്ത്

Jaihind News Bureau
Friday, November 21, 2025

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടിമാറ്റാനുള്ള നെറികെട്ട നീക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യുവ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പ് ഗോദയില്‍നിന്ന് പുറത്താക്കാന്‍, ജനസേവനത്തിനായി പ്രവര്‍ത്തിക്കേണ്ട മേയറുടെ ഓഫീസിനെ സി.പി.എം. ‘കള്ളവോട്ട് സെല്‍’ ആയി ഉപയോഗിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഈ പരാതിയില്‍ ഔദ്യോഗികമായി ഒരു അന്വേഷണ ചുമതലയും ഇല്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍, വൈഷ്ണ ഹാജരാക്കിയ രേഖകളിലെ വീടുകളില്‍ നേരിട്ടെത്തി താമസക്കാരില്‍നിന്ന് ഭീഷണിയുടെ സ്വരത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങിയത് ഈ സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ മുഖം തുറന്നുകാട്ടുന്നു. ഈ അധികാര ദുര്‍വിനിയോഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും, ഉത്തരവാദപ്പെട്ടവരുടെ മൗനം ഈ കേസില്‍ മേയര്‍ക്കുള്ള ഒത്താശയുടെ ആഴം വ്യക്തമാക്കുകയാണ്.

സി.പി.എം. ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വൈഷ്ണയ്‌ക്കെതിരെ നടപടി ആരംഭിച്ചത്. അന്തിമ വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന നമ്പരുള്ള വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പരാതി. ഇതിന്റെ പേരില്‍ ക്ലാര്‍ക്ക് ജി.എം. കാര്‍ത്തിക നടത്തിയ ‘അന്വേഷണ’ത്തില്‍ വീണ്ടും കളങ്കിത നീക്കങ്ങള്‍ അരങ്ങേറി. തുടര്‍ന്ന്, സൂപ്രണ്ട് ആര്‍. പ്രതാപ ചന്ദ്രന്‍ നടത്തിയ ഹിയറിങില്‍ വൈഷ്ണ നല്‍കിയ പ്രധാന രേഖകള്‍പോലും പരിശോധിക്കാതെ, ഏകപക്ഷീയമായ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ വോട്ട് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തു. ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ അഡിഷനല്‍ സെക്രട്ടറി വി. സജികുമാര്‍ ഈ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി വൈഷ്ണയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇവിടെ ഔദ്യോഗിക സംവിധാനങ്ങള്‍ മേയറുടെ രാഷ്ട്രീയ കളികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ദുരവസ്ഥയാണ് കാണാനാകുന്നത്.

എന്നാല്‍, ഇതിനെല്ലാം സമാന്തരമായാണ് കോര്‍പ്പറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ തെളിവുണ്ടാക്കല്‍ ദൗത്യം ഏറ്റെടുത്തത്. ‘ഞങ്ങളാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും രണ്ട് വര്‍ഷമായി മറ്റാരും ഇവിടെയില്ലെന്നും’ എന്നുമുള്ള കള്ളസത്യവാങ്മൂലം ഈ ഉദ്യോഗസ്ഥര്‍ താമസക്കാരില്‍നിന്ന് എഴുതി വാങ്ങുകയായിരുന്നു. ഒരു സ്ഥാനാര്‍ഥിയുടെ ജനാധിപത്യാവകാശം കവര്‍ന്നെടുക്കാന്‍, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളരേഖകള്‍ ഉണ്ടാക്കുന്ന ഈ സമീപനം സി.പി.എം. നേതൃത്വത്തിന്റെ ഫാസിസ്റ്റ് മനോഭാവത്തെയാണ് വിളിച്ചോതുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കോര്‍പ്പറേഷന്‍ ഇലക്ഷന്‍ സെല്‍ നല്‍കിയ വിശദീകരണത്തില്‍, ക്ലാര്‍ക്ക് കാര്‍ത്തികയും സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമാണ് ഔദ്യോഗികമായി ഇടപെട്ടതെന്നാണ് പറഞ്ഞിരിക്കുന്നത്. മേയറുടെ ഓഫീസിലെ ജീവനക്കാരുടെ നിയമവിരുദ്ധമായ ഈ സമാന്തര ഇടപെടല്‍ മറച്ചുവെച്ച്, സത്യത്തെ മൂടിവെക്കാനുള്ള സി.പി.എം. സര്‍ക്കാരിന്റെ ശ്രമം ഇവിടെ വ്യക്തമായി കാണാം.