എസ്.എ.ടിയിലെ മരുന്ന് വിതരണ കേന്ദ്രം പൂട്ടിച്ചു, ശ്മശാനം തുറന്നത് നേട്ടമാക്കി ; മേയർക്കെതിരെ പ്രതിഷേധം, ട്രോൾവർഷം

Jaihind Webdesk
Friday, April 30, 2021

തിരുവനന്തപുരം : തലസ്ഥാനത്തെ എസ്.എ. ടി ആശുപത്രിയിലെ മരുന്ന് വിതരണ കേന്ദ്രം പൂട്ടിക്കുകയും ശ്മശാനം പ്രവർത്തനം ആരംഭിച്ചത് നേട്ടമാക്കുകയും ചെയ്ത മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധവും ട്രോൾ വർഷവും.

തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന എസ്എടി ഡ്രഗ് ഹൗസാണ് മേയർ നേരിട്ട് എത്തി പൂട്ടിച്ചത്.

കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടത്തിൽ താൽക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവർത്തിച്ചതിനാണ് മേയറുടെ നടപടി. മെഡിക്കൽ സ്റ്റോറിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാലാണ് താൽക്കാലിക സംവിധാനം ഒരുക്കിയത്. ഇതോടെ കൊവിഡ് രോഗികളുടെ മരുന്ന് വിതരണം ഉൾപ്പടെ തടസപ്പെട്ടു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൈക്കാട് ശാന്തികവാടത്തിൽ പുതിയ ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചത് നേട്ടമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട മേയറുടെ നടപടിയും നേരത്തെ വിവാദമായിരുന്നു. കൊവിഡിനോട് ചേർത്തുള്ള പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ പോസ്റ്റ് മേയർ പിന്‍വലിച്ചു.

‘രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.’ – എന്നായിരുന്നു മേയർ പങ്കുവച്ച പോസ്റ്റ്. കൊവിഡിനിടെ ഫേസ്ബുക്ക് പോസ്റ്റിട്ട് വികസനനേട്ടമായി ചൂണ്ടിക്കാണിച്ച  നടപടിയാണ് വിമർശനങ്ങള്‍ക്ക് വഴിവെച്ചത്.