മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്, 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Jaihind Webdesk
Monday, April 1, 2024

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. കെജ്‍രിവാളിനെ 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കെജ്‍രിവാളിനെ ഉടൻ തന്നെ തിഹാര്‍ ജയിലിലേക്ക് മാറ്റും.

കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കെജ്‍രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു. അതേസമയം സുനിത കെജ്‍രിവാളും കോടതിയിലെത്തിയിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.