മദ്യനയക്കേസ്; ഇടക്കാല ജാമ്യകാലാവധി അവസാനിച്ചു, അരവിന്ദ് കെജ്‌രിവാള്‍ തിരികെ ജയിലിലേക്ക്

Jaihind Webdesk
Sunday, June 2, 2024

 

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക് മടങ്ങി. ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ കോടതി തീരുമാനം നാളെ.

സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നു ജയിലിലേക്ക് മടങ്ങി. സുപ്രീം കോടതി നല്‍കിയ ഇടക്കാല ജാമ്യം നീട്ടണമെന്നല്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കെജ്‌രിവാള്‍ അപേക്ഷിച്ചിരിക്കുന്നതെന്നും വിചാരണക്കോടതി നിരീക്ഷിച്ചു. മാര്‍ച്ച് 21നായിരുന്നു എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു. 7 ദിവസത്തെ ഇടക്കാല ജാമ്യത്തിനായി കെജ്‌രിവാള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ കോടതി തീരുമാനം നാളെ അറിയിക്കും.

അതേസമയം അരവിന്ദ് കെജ്‌രിവാളും ഭാര്യ സുനിത കെജ്‌രിവാളും ഹനുമാന്‍ മന്ദിറില്‍ പ്രാര്‍ത്ഥന നടത്തുകയും രാജ്യതലസ്ഥാനത്തെ രാജ്ഘട്ടില്‍ പോയി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്ത ശേഷം പാര്‍ട്ടി ഓസീലും എത്തി പ്രവര്‍ത്തകരെ കണ്ടാണ് ജയിലിലേക്ക് മടങ്ങിയത്. ഭാര്യ സുനിത കെജ്‌രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ, കൈലാഷ് ഗഹ്ലോട്ട്, മറ്റ് എഎപി നേതാക്കള്‍ എന്നിവര്‍ രാജ്ഘട്ടില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു. ജാമ്യം അനുവദിച്ചതില്‍ സുപ്രീം കോടതിയോട് നന്ദി പറയുകയും തന്‍റെ പ്രചരണം രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.