മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് നീട്ടി

Jaihind Webdesk
Thursday, March 28, 2024

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രില്‍ ഒന്ന് വരെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഡല്‍ഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.

മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടി. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. ഇഡിയും കെജ്‌രിവാളും തമ്മില്‍ വലിയ വാഗ്വാദങ്ങളാണ്  ഉണ്ടായത്. അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. കോടതിയോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് കെജ്‌രിവാള്‍ അറിയിച്ചു. എന്നാല്‍ പറയാനുള്ളത് എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും അദ്ദേഹം പറഞ്ഞു.