
അരുണാചല്‍ പ്രദേശിലെ ഇന്തോ-ചൈന അതിര്‍ത്തിക്ക് സമീപം തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹയൂലിയാങ്-ചഗ്ലഗാം റോഡിലാണ് ദാരുണമായ അപകടം നടന്നത്. ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളെല്ലാം അസമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ളവരാണ്.
ചഗ്ലഗാമിന് സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തിലൂടെ കടന്നുപോകുമ്പോളാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടന്‍, വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ വിവരം പട്ടണത്തിലെത്തി അധികാരികളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
നിലവില്‍ അപകട സ്ഥലത്ത് നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കായി ഊര്‍ജ്ജിത രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അസമിലെ ദിബ്രുഗഡില്‍ നിന്ന് ഒരു എന്‍.ഡി.ആര്‍.എഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
നവംബര്‍ 7-നാണ് തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചഗ്ലഗാമിലേക്ക് പോയത്. നവംബര്‍ 10-ന് ഇവര്‍ തിരികെ എത്തേണ്ടിയിരുന്നതാണ്. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് കാണിച്ച് പോലീസിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് അപകട വാര്‍ത്ത സ്ഥിരീകരിക്കുന്നത്.