കൃത്രിമജലപാത പരിസ്ഥിതി ആഘാത പഠനം ഇല്ലാതെ; പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല

Jaihind Webdesk
Tuesday, December 21, 2021

കണ്ണൂർ : പാനൂരിലെ കൃത്രിമ ജലപാത നിർമാണം ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് സർക്കാർ കൃത്രിമ ജലപാത പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ ചർച്ചകള്‍ ഉണ്ടായിട്ടില്ലെന്നും യുക്തി ഇല്ലായ്മയുടെ ആകെ തുകയാണ് പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ജലപാത സംബന്ധിച്ച ജനങ്ങളുടെ ആശങ്ക നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ-റയിൽ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറായില്ല. പരിസ്ഥിതി  ലോല പ്രദേശമായ കേരളത്തിൽ പുഴകളെ ബന്ധിപ്പിക്കുന്ന പദ്ധതി വരുമ്പോൾ പാരിസ്ഥിതിക പOനം നടത്താതെ കൃത്രിമ ജലപാത കൊണ്ടുവരുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും. വരുന്ന തലമുറയ്ക്ക് ബാധ്യത ഉണ്ടാക്കാനാണ് സർക്കാർ ശ്രമം. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ സർക്കാരിനെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്രിമ ജലപാത ഉപേക്ഷിക്കുക എന്ന ആവശ്യവുമായി  ജലപാത വിരുദ്ധ സമിതി കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ കുടിയിറക്ക് ദുരിതയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

https://www.facebook.com/JaihindNewsChannel/videos/426630645772742/