‘അയ്യങ്കാളി ‘- സാമൂഹ്യവിപ്ലവനായകന്‍!

M M Hassan
Friday, August 28, 2020

ജാതിവ്യവസ്ഥയ്ക്കും, നാടുവാഴിത്തത്തിനും, ജന്മിത്വത്തിനുമെതിരെ ധീരമായ പോരാട്ടം നടത്തിയ മഹാനായ അയ്യങ്കാളിയുടെ 157-ാം ജന്മവാര്‍ഷികമാണ് ആഗസ്റ്റ് 28. അടിച്ചമര്‍ത്തപ്പെട്ട അധഃസ്ഥിത സമൂഹത്തിന് ആത്മാഭിമാനവും, ആത്മവിശ്വാസവും നല്‍കി അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ അയ്യങ്കാളി കേരളത്തിലെ സാമൂഹ്യവിപ്ലവകാരികളില്‍ പ്രമുഖനാണ്. കറുത്തവര്‍ഗക്കാരന്‍റെ സഞ്ചാരസ്വാതന്ത്ര്യത്തിനും, സമത്വത്തിനും വേണ്ടി തന്‍റെ സ്വന്തം ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ ഈ വിപ്ലവകാരിക്ക് സമാനനായ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവിനെ കേരള ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവില്ല. അയ്യങ്കാളി ജീവിച്ചിരുന്ന കാലത്ത് ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ രാജാറാം മോഹന്‍ റോയ്, രാമകൃഷ്ണപരമഹംസന്‍, ദയാനന്ദസരസ്വതി, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ നേതാക്കളില്‍ നിന്ന് വ്യത്യസ്തനായ മഹാനായിരുന്നു അയ്യങ്കാളിയെന്ന് ഇ.എം.എസ്.നമ്പൂതിരിപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തും വായനയും അറിയാത്ത അയ്യങ്കാളിയെ ഒരു ഉല്‍പ്പതിഷ്ണുവും കരുത്തുറ്റ നേതാവുമായിട്ടാണ് ഇ.എം.എസ്. വിശേഷിപ്പിച്ചത്.

1937-ല്‍ വെങ്ങാനൂരില്‍ വന്ന് അയ്യങ്കാളിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയ നമ്മുടെ സ്വാതന്ത്ര്യസമര നായകനായ മഹാത്മാഗാന്ധി അയ്യങ്കാളിയോട് പറഞ്ഞത് നമ്മളിരുവരും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. നമ്മള്‍ ഇരുവരും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടത്തുന്നവരാണ്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഗാന്ധിജി പോരാടിയതെങ്കില്‍ അധഃസ്ഥിത സമൂഹത്തിന് വഴിനടക്കാനും, മാറു മറയ്ക്കാനും, വിദ്യാഭ്യാസം ചെയ്യാനും, ജീവിക്കാനും വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. ഗാന്ധിജിയോട് അയ്യങ്കാളി പറഞ്ഞത് ”തന്‍റെ സമുദായത്തില്‍ നിന്ന് പത്ത് ബി.എ.ക്കാരെയെങ്കിലും കണ്ടിട്ട് മരിക്കണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെ”ന്നായിരുന്നു. അയ്യങ്കാളിയുടെ നാട്ടില്‍നിന്ന്, അദ്ദേഹത്തിന്‍റെ സമൂഹത്തില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനത്തെത്തിയ കെ.ആര്‍.നാരായണനെയും, അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായ കെ.ജി.ബാലകൃഷ്ണന്‍റെയും ഉയര്‍ച്ചയിലൂടെ അയ്യങ്കാളിയുടെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. വര്‍ണവിവേചനത്തിനെതിരെ ജീവിതം പോരാട്ടമാക്കി മാറ്റിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്‍റെയും, നെല്‍സണ്‍ മണ്ടേലയുടെയും ത്യാഗപൂര്‍ണമായ ചരിത്രത്തോടൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട ജീവചരിത്രമാണ് കേരളത്തിന്‍റെ സാമൂഹ്യവിപ്ലവകാരിയായ അയ്യങ്കാളിയുടേത്.

1863 ല്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ച അയ്യങ്കാളി കുട്ടിക്കാലം മുതല്‍ ആരെയും കൂസാത്ത പ്രകൃതക്കാരനായിരുന്നു. തന്‍റെ ചുറ്റും അടിയാളന്മാര്‍ക്കെതിരെ നടക്കുന്ന അനീതിക്കെതിരെ ആ മനസ്സ് ആളിക്കത്തുകയായിരുന്നു. അധഃസ്ഥിതര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത അക്കാലത്ത് പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ സവര്‍ണപ്രമാണിമാര്‍ മാത്രം ഉപയോഗിച്ചിരുന്ന വില്ലുവച്ച കാളവണ്ടി സ്വന്തമായി വാങ്ങിയ അയ്യങ്കാളി ജാതികോട്ടകളെ അമ്പരപ്പിച്ചുകൊണ്ടാണ് തന്‍റെ കാളവണ്ടി യാത്ര തുടങ്ങിയത്. വില്ലുവണ്ടിയുടെ മണിമുഴക്കത്തില്‍ സവര്‍ണര്‍ ഞെട്ടി. ജാതിവഴികളിലൂടെ വെള്ള ദോത്തിയും ബനിയനും തലപ്പാവും ധരിച്ച് അയ്യങ്കാളി ജൈത്രയാത്ര നടത്തി. ജാതിഭ്രാന്തു പിടിച്ചവര്‍ അയ്യങ്കാളിയെയും, വില്ലുവണ്ടിയെയും ആക്രമിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അടിപതറാതെ അയ്യങ്കാളി മുന്നോട്ടു കുതിച്ചു. ഒടുവില്‍ ജാതിപ്രമാണിമാര്‍ പത്തിതാഴ്ത്തി.

അയ്യങ്കാളിയുടെ അടുത്ത ശ്രമം ദളിത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നേടിയെടുക്കലായിരുന്നു. അക്കാലത്ത് സ്‌കൂളുകളില്‍ അധഃസ്ഥിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അയ്യങ്കാളി 1905-ല്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ജാതിഭ്രാന്തന്മാര്‍ അതിനെ അഗ്നിക്കിരയാക്കി. അയ്യങ്കാളി രൂപീകരിച്ച സാധുജനപരിപാലനസംഘത്തിന്റെ നേതൃത്വത്തില്‍ ദളിത് കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനു വേണ്ടി സര്‍ക്കാരില്‍ നിന്ന് ഉത്തരവും സമ്പാദിച്ചെങ്കിലും സവര്‍ണരുടെ ഒരു വിദ്യാലയത്തിലും ദളിത് കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തയാറായില്ല. അയ്യങ്കാളി പൂജാരി അയ്യന്‍ എന്ന ഒരു ദളിതന്‍റെ മകള്‍ പഞ്ചമിയെ കൈപിടിച്ച് ഊരൂട്ടമ്പലം സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. ഈ സംഭവം സവര്‍ണരെ പ്രകോപിപ്പിച്ചു. അവര്‍ അയ്യങ്കാളിയെയും സംഘത്തെയും ആക്രമിക്കുകയും, ദളിതരുടെ കുടിലുകള്‍ കത്തിക്കുകയും ചെയ്തു. ഒടുവില്‍ സ്‌കൂളിന്‍റെ മാനേജര്‍ തന്നെ ആ സ്‌കൂള്‍ കത്തിച്ചുകളഞ്ഞു. അധഃസ്ഥിതര്‍ തീണ്ടി അശുദ്ധമാക്കിയ സ്‌കൂള്‍ ഇനി ഇവിടെ വേണ്ടെന്ന് സവര്‍ണര്‍ തീരുമാനിച്ചു.

ദളിത് കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നേടിയെടുക്കാനാണ് അയ്യങ്കാളി കാര്‍ഷിക പണിമുടക്ക് സമരം പ്രഖ്യാപിച്ചത്. സവര്‍ണരുടെ കലവറകളില്‍ ധാന്യം നിറയ്ക്കുന്നത് അടിയാളന്മാരുടെ വിയര്‍പ്പിലൂടെയാണ്. അവരുടെ അധ്വാനത്തെ സമരായുധമാക്കാന്‍ തീരുമാനിച്ച അയ്യങ്കാളിയുടെ ഭാവന അസാമാന്യമായ സമരചരിത്രമാണ് സൃഷ്ടിച്ചത്.

ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ നിങ്ങളൂടെ സ്‌കൂളുകളുടെ വാതില്‍ തുറന്നു തരുന്നില്ലെങ്കില്‍ നിങ്ങളുടെ പാടങ്ങളില്‍ ഞങ്ങള്‍ പണിയെടുക്കുകയില്ല. അവിടെ മുട്ടിപുല്ല് മുളപ്പിക്കുമെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. പട്ടിണിയാവുമ്പോള്‍ സമരം പിന്‍വലിക്കുമെന്നും പരാജയപ്പെടുമെന്നും സവര്‍ണ ജന്മിമാര്‍ കണക്കുകൂട്ടി. വിശപ്പിനു മുമ്പില്‍ ആദര്‍ശം തോല്‍ക്കാതിരിക്കാന്‍ സമരനായകനായ അയ്യങ്കാളി കണ്ടെത്തിയ ബദല്‍മാര്‍ഗമാണ് കര്‍ഷകത്തൊഴിലാളികളെ മത്സ്യബന്ധനത്തിനിറക്കിയത്. തീരദേശത്തെ മുക്കുവസമൂഹം ദളിതരെ സഹായിക്കാനും സംരക്ഷിക്കാനും തയാറായത് സമരചരിത്രത്തിലെ അപൂര്‍വവും ഉജ്വലവുമായ മാതൃകയായി മാറി. ഒരു വര്‍ഷം നീണ്ടുനിന്ന കാര്‍ഷികപണിമുടക്കു സമരം സ്‌കൂള്‍ പ്രവേശനത്തിനുള്ള അനുഭാവപൂര്‍വമായ ഉറപ്പ് നേടിക്കൊണ്ടാണ് സമാപിച്ചത്. കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന്‍റെ നേതാവായ അയ്യങ്കാളിയാണ് കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. അയ്യങ്കാളി ഉഴുതുമറിച്ച മണ്ണിലാണ് തൊഴിലാളി സംഘടനകള്‍ പിന്നീട് വിത്തിട്ടത്.

മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന ദളിത് സ്ത്രീകള്‍ക്ക് മറ്റു സവര്‍ണസ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനോ, സ്വര്‍ണാഭരണങ്ങള്‍ അണിയാനോ ഉള്ള സ്വാതന്ത്ര്യമോ ശേഷിയോ ഉണ്ടായിരുന്നില്ല. കല്ലും അളുങ്കും ചേര്‍ത്തുണ്ടാക്കിയ മാലകളാണ് അവര്‍ ധരിച്ചിരുന്നത്. അടിമത്തത്തിന്‍റെ അടയാളമായി കാലം ദളിത് സ്ത്രീകളുടെ കഴുത്തില്‍ ചാര്‍ത്തിയ മാലകള്‍ പൊട്ടിച്ചെറിയാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു. നാട്ടില്‍ പലേടത്തും സ്ത്രീകളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി അവരുടെ കല്ലുമാലകളും കുണുക്കുകളും പൊട്ടിച്ചെറിഞ്ഞു. സവര്‍ണചട്ടമ്പിമാര്‍ ആ യോഗങ്ങളില്‍ ദളിതരെ ആക്രമിക്കുകയും, അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്തു. പെരിനാട്ടു കലാപം ഈ സമരത്തിന്‍റെ ഭാഗമായിരുന്നു. പെരിനാട്ടു കലാപത്തിനു ശേഷം സവര്‍ണപ്രമാണിമാരുടെ സമ്മതത്തോടെ ദളിത് സ്ത്രീകള്‍ കല്ലുമാലകള്‍ ഉപേക്ഷിക്കുകയും, റൗക്കയും മുണ്ടും ധരിക്കുകയും ചെയ്തു.

1911-ല്‍ ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളിയെ നോമിനേറ്റു ചെയ്തു. അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അയ്യങ്കാളിയുടെ പിന്നീടുള്ള സമരരംഗം ശ്രീമൂലം പ്രജാസഭയായിരുന്നു. കൃഷിഭൂമിയില്‍ അധ്വാനിക്കുന്ന തൊഴിലാളിയുടെ അവകാശത്തിനു വേണ്ടിയാണ് അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ ശബ്ദമുയര്‍ത്തിയത്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിപ്പിക്കാനും സര്‍ക്കാരിലെ താഴ്ന്ന തസ്തികകളിലെ ഉദ്യോഗങ്ങള്‍ ദളിതര്‍ക്ക് നേടിയെടുക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം ലഭ്യമാക്കാനുമെല്ലാം കഴിഞ്ഞത് അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു.
അയ്യങ്കാളി ജന്മം നല്‍കിയ സാധുജനപരിപാലന സംഘം തിരുവിതാംകൂറില്‍ ഉടനീളം ശക്തിപ്രാപിച്ചെങ്കിലും അയ്യങ്കാളിയുടെ കാലശേഷം ആ സംഘടന വിസ്മൃതിയിലായി. ശ്രീനാരായണ ധര്‍മ്മപരിപാലനസംഘത്തിന്‍റെ മാതൃകയില്‍ രൂപം നല്‍കിയ സാധുജനപരിപാലന സംഘത്തിന് കാലത്തെ അതിജീവിക്കാനായില്ല. അയ്യങ്കാളിയുടെ പിന്‍ഗാമികളില്‍ അദ്ദേഹത്തിന്‍റെ പോരാട്ടവീര്യമുള്ള ഒരാളെങ്കിലും ഉയര്‍ന്നുവന്നിരുന്നുവെങ്കില്‍ സാധുജനപരിപാലനസംഘത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനുള്ള മഹാപ്രസ്ഥാനമായി വളര്‍ത്തിയെടുക്കാനാവുമായിരുന്നു. ശ്രീനാരായണഗുരുവിനെപ്പോലെ കേരളത്തിന്‍റെ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ അയ്യങ്കാളി സൃഷ്ടിച്ച ജനകീയ മുന്നേറ്റം അദ്ദേഹത്തോടെ അവസാനിക്കുകയാണുണ്ടായത്.

അയ്യങ്കാളിക്കു പകരം അയ്യങ്കാളി മാത്രമാണെന്ന ചരിത്രയാഥാര്‍ത്ഥ്യം അദ്ദേഹത്തിന്‍റെ മഹത്വത്തിന്‍റെ മാറ്റു വര്‍ധിപ്പിക്കുന്നു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ കേരളത്തിന്‍റെ നവോത്ഥാന നായകരില്‍, സാമൂഹ്യ വിപ്ലവകാരികളില്‍ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, പൊയ്കയില്‍ യോഹന്നാന്‍, വൈകുണ്ഠസ്വാമികള്‍ എന്നിവരോടൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന അയ്യങ്കാളിയുടെ ജീവചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും, പുതിയ പാഠങ്ങള്‍ പഠിക്കാനും അദ്ദേഹത്തിന്‍റെ അനുയായികള്‍ക്ക് കഴിയണം. അപകര്‍ഷതയില്‍ നിന്നു മോചനം നേടാനും, ആത്മാഭിമാനവും, ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാനും കഴിഞ്ഞാലേ ദളിത് സമൂഹത്തിന്‍റെ മോചനം പൂര്‍ത്തിയാവുകയുള്ളൂ. അപ്പോള്‍ മാത്രമേ അയ്യങ്കാളിയുടെ സ്വപ്‌നങ്ങള്‍ പൂവണിയുകയുള്ളൂ.