സത്യവാങ്മൂലവും കൊറോണയും – അഡ്വ. ജോജി ജോർജ് ജേക്കബ്

Jaihind Webdesk
Sunday, April 25, 2021

 

പ്രിയദർശന്‍റെ ഏറെ ജനപ്രീതി ആർജിച്ച ‘ചിത്രം’ എന്ന സിനിമയിൽ മോഹൻലാൽ എം.ജി സോമനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ?’ ഇന്ന് ഓരോ പൗരനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചോദിക്കുന്ന ചോദ്യം ഇതുതന്നെയാണ്. ‘കൊല്ലാതിരിക്കാൻ പറ്റുമോ?’

കൊറോണ വ്യാപനം ആരംഭിച്ച 2020 ഫെബ്രുവരി മാസം മുതൽ ഇരു സർക്കാരുകളും എടുത്തിട്ടുള്ള നയങ്ങൾ മനുഷ്യന്‍റെ സാമാന്യബുദ്ധിക്ക് നിരക്കാത്തതായിരുന്നു. അതിനെ വിമർശിച്ചവരെയെല്ലാം ദേശദ്രോഹികളായും നാടിൻറ്റെ നന്മ ആഗ്രഹിക്കാത്തവരായും അപകടകാലത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരായും മുദ്രകുത്തി നിശബ്ദരാക്കി ഒറ്റപ്പെടുത്തി. ബുദ്ധിപരമായി പ്രവർത്തിച്ച രാജ്യങ്ങളെ കളിയാക്കുന്നതിലും നമ്മൾ വളരെ മേന്മയുള്ളവരാണ് എന്നവകാശപ്പെടുന്നതിലുമായിരുന്നു ഇരു സർക്കാരുകളും ശ്രദ്ധ കേന്ദ്രീകരിച്ചത്. അവകാശമായ ഭക്ഷണം ഔദാര്യമായി കൊടുക്കുന്നു എന്ന് വരുത്തിത്തീർത്ത് ജനങ്ങളുടെ വോട്ട് സമ്പാദിക്കുന്ന തിരക്കിലായിരുന്നു സംസ്ഥാന സർക്കാരെങ്കിൽ, പാട്ട കൊട്ടിയും പന്തം തെളിച്ചും കെടുകാര്യസ്ഥത മറച്ചുവെക്കുന്നതിലായിരുന്നു കേന്ദ്ര സർക്കാരിൻറെ ശ്രദ്ധ. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും നടത്തിയ ലോക്ക്ഡൗൺ ക്രമീകരണം ശുദ്ധ ഭോഷത്തരമായിരുന്നു എന്ന് വിമർശിച്ചവരെല്ലാം കോവിഡ് വരാതെ തന്നെ സൈബർ ആക്രമണത്താൽ ‘കൊല്ലപ്പെട്ടു’. വിമർശിക്കുന്നവർക്കെതിരെ ജനങ്ങളെ അണിനിരത്താനും സർക്കാരുകൾക്ക് സാധിച്ചു. ഒരു ദുരന്തം വരുമ്പോൾ ഒരുമിച്ചു നിൽക്കുക എന്ന ഭാരതീയൻറ്റെ നല്ല ഗുണത്തെ ഇരു സർക്കാരും വേണ്ടുവോളം ചൂഷണം ചെയ്തു. മിറ്റിഗേഷനാണ് നാം സ്വീകരിക്കേണ്ട മാർഗം എന്ന് നിയമസഭയിൽ പ്രസംഗിച്ച പ്രതിപക്ഷ നേതാവിനെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്ത സർക്കാരാണ് ഇവിടെയുള്ളത്. അനുഭവത്തിൻറ്റെ വെളിച്ചത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊടുത്ത നിർദ്ദേശങ്ങൾ വായിച്ചുപോലും നോക്കിയതായി തോന്നുന്നില്ല. നിൽക്കുന്നിടത്ത് തന്നെ നിൽക്കുക എന്നുപറഞ്ഞ് രാജ്യം അടച്ചിട്ട് വിവരക്കേടുകളുടെ കൊടുമുടി കയറിയ പ്രധാനമന്ത്രിയെയാണ് കഴിഞ്ഞവർഷം നാം കണ്ടത്. വീണ്ടുവിചാരമില്ലാതെ തീരുമാനങ്ങളെടുത്ത് കൊറോണയെക്കാൾ വലിയ ദുരിതം നാടിനു സമ്മാനിച്ച് വെറും ന്യൂസ് റീഡറായി പരിണമിച്ച ഒരു മുഖ്യമന്ത്രിയെയും കഴിഞ്ഞ വർഷം നാം കണ്ടു.

കൊവിഡ് പ്രതിരോധം ആരോഗ്യ പ്രവർത്തകരിൽ നിന്നും മാറ്റി പോലീസിനെ ഏൽപ്പിച്ചതാണ് ഈ സർക്കാർ ചെയ്ത ആന മണ്ടത്തരം. ഇതൊരു ക്രമസമാധാന പ്രശ്നം അല്ല എന്നും ആരോഗ്യപ്രശ്നമാണ് എന്നും തിരിച്ചറിയാനുള്ള സാമാന്യ ബോധം ഈ സർക്കാരിൽ ഒരുത്തനും ഇല്ലാതെപോയി. സൂക്ഷിച്ചു നോക്കിയാൽ ആ തീരുമാനം മണ്ടത്തരത്തിൽ നിന്ന് ഉണ്ടായതല്ല എന്നുവേണം അനുമാനിക്കാൻ. അത് ഒരു രാഷ്ട്രീയ ബുദ്ധിയായിരുന്നു. തങ്ങൾ എടുത്ത നയങ്ങളെല്ലാം പാളുന്നു എന്നും അധികം വൈകാതെ ജനം പ്രതികരിക്കുമെന്നും ബോധ്യമായപ്പോൾ സർക്കാർ ആരോഗ്യപ്രവർത്തകരെ പിന്നിലേക്ക് വലിച്ച് പോലീസിനെ മുന്നിലേക്ക് നിർത്തി. ജനങ്ങളെ അടിച്ചും ഇടിച്ചും വേണ്ടിവന്നാൽ കൊന്നും ഒതുക്കുക എന്ന ഇടതുപക്ഷ നയം സർക്കാർതലത്തിലും നടപ്പാക്കി. പിന്നീട് നടന്നതെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി മാറി. മരുന്നു വാങ്ങാൻ ഇറങ്ങിവരും മാതാപിതാക്കളെ ശ്രുശൂഷിക്കാൻ പോയവരുമെല്ലാം പോലീസിൻറെ ലാത്തിയുടെ ചൂടറിഞ്ഞു. ജനങ്ങളെ അടിച്ചോടിച്ചു. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന പ്രവർത്തകനെവരെ വെറുതെവിട്ടില്ല. ഫൈൻ അടപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാമായി കോവിഡ് പ്രതിരോധപ്രവർത്തനം പരിണമിച്ചു. ഇതിനെയെല്ലാം ശക്തമായതും ദൃഢമായതുമായ ഇരട്ട ചങ്കുള്ള നടപടിയെന്ന് സർക്കാർ പി ആർ പ്രവർത്തനത്തിലൂടെ വിശേഷിപ്പിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഒരുമണിക്കൂറോളം കൂടെ ഇരിക്കുക എന്നതിനപ്പുറം ഒന്നും ചെയ്യാത്ത ആരോഗ്യമന്ത്രി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഒപ്പിച്ചെടുക്കുന്ന തിരക്കിലുമായി . ഇത് ചൂണ്ടിക്കാണിച്ച കെപിസിസി പ്രസിഡന്‍റ് വലിയ അപരാധിയായി. രാജ്യത്തിൻറെ തലങ്ങും വിലങ്ങും തൊഴിലാളികൾ കൂട്ടപാലായനം ചെയ്യുന്നത് ആതിഭയങ്കര വ്യാപനത്തിലേക്ക് വഴിതെളിക്കും എന്ന് പറഞ്ഞ രാഹുൽഗാന്ധി രാജ്യദ്രോഹിയും ആയി. ഒരു വർഷത്തിനുശേഷം വ്യാപനം അതി തീവ്രമാകുകയും മരണസംഖ്യ റോക്കറ്റ് പോലെ കുതിക്കുകയും ലോകത്തിനു മുൻപിൽ നമ്മൾ അപഹാസ്യരാകുകയും ചെയ്തതോടുകൂടി ജനം തിരിച്ചറിഞ്ഞിരിക്കുന്നു – കേന്ദ്ര സംസ്ഥാന സർക്കാരുകൾ വൻ പരാജയമായിരുന്നു. പത്രങ്ങൾ അത് എഴുതാൻ തുടങ്ങി. വിദഗ്ധർ പതുക്കെപ്പതുക്കെ അത് പറഞ്ഞു തുടങ്ങി. ഗത്യന്തരമില്ലാതെ വന്നപ്പോൾ ചില നടപടികൾ ഫലം കണ്ടില്ല എന്ന് സർക്കാരിന് അംഗീകരിക്കേണ്ടി വന്നു . എന്നിട്ടും ചെയ്ത തെറ്റ് തിരുത്താനല്ല സർക്കാർ ശ്രമിക്കുന്നത്. മറിച്ച്, ആർജ്ജവത്തോടെ കൂടി അതേ തെറ്റുകൾ ആവർത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വീണ്ടും പോലീസിനെ രംഗത്തിറക്കിയിരിക്കുന്നു. അടിച്ചോടിച്ചും ഫൈൻ അടപ്പിച്ചും ഭീഷണിപ്പെടുത്തിയും എന്തൊക്കെയോ വൻ നടപടികൾ എടുക്കുന്നു എന്നു വരുത്തിത്തീർക്കാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞതുകൊണ്ട് ഇനി ഇതെല്ലാം എന്തിന് എന്ന സമീപനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായി. കുറേ ഉദ്യോഗസ്ഥർ ഇരുന്ന് എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുന്നു. അത് ആരൊക്കെയോ എങ്ങനെയൊക്കെയോ എന്തിനൊക്കെ വേണ്ടിയോ നടപ്പാക്കുന്നു. ഒരു ദിശാബോധവും ഇല്ലാത്ത പ്രവർത്തനങ്ങൾ.

രാത്രി 9 ന് ശേഷവും പകൽ ഏഴിന് മുൻപുമാണോ നിരത്തുകളിൽ കൊറോണ ഇറങ്ങി കറങ്ങി നടക്കുന്നത് എന്ന് സംശയം സാധാരണക്കാരന് ഇനിയും മാറിയിട്ടില്ല. ശനിയും ഞായറും ലോക്ക്ഡൗൺ ആകുമ്പോൾ അന്നു ചെയ്യേണ്ടുന്ന യാത്രകളും ജോലികളും ആർജ്ജവത്തോടെ കൂടി അതിൻറെ തലേ ദിവസമോ പിറ്റേ ദിവസമോ ചെയ്യാൻ അവസരം ഉണ്ടെന്നിരിക്കെ, ഏതു രീതിയിലാണ് രണ്ടുദിവസ ലോക്ക്ഡൗൺ ഉപയോഗപ്രദം ആകുന്നത് എന്നും സംശയദുരീകരണം വന്നിട്ടില്ല. വിവാഹ ക്ഷണപത്രം, യാത്രാ ടിക്കറ്റുകൾ, ജോലിസ്ഥലത്തെ ഐഡി കാർഡ് എന്നിവ കരുതണം എന്നുപറയുന്നതിൽ സമാന്യ യുക്തിയുണ്ട്. അനാവശ്യമായി കറങ്ങി നടക്കുന്നത് തടയാൻ അത് ഗുണകരമാകും. സംശയമില്ല. എന്നാൽ പുറത്തിറങ്ങുന്നവൻ സത്യവാങ്മൂലം കൊണ്ടുനടക്കണം എന്ന് പറയുന്നതിൻറ്റെ യുക്തിയാണ് ഇതുവരെ മനസ്സിലാകാത്തത്. സത്യവാങ്മൂലം എന്നു പറയുന്നത് ഏതെങ്കിലും ബന്ധപ്പെട്ട അധികാര സ്ഥാപനം കൊടുക്കുന്ന രേഖയല്ല. അവനവൻ സ്വയം വെള്ളക്കടലാസിൽ താൻ എന്തിന് എവിടേക്ക് പോകുന്നു എന്ന് എഴുതുന്നതാണ്. വസ്തുത ഇതായിരിക്കെ, എന്താണ് കയ്യിൽ ഒരു സത്യവാങ്മൂലം കൊണ്ടുനടക്കുന്നതിൻറെ പ്രസക്തി? വെറുതെ കറങ്ങി നടന്നാൽ കൊറോണ വ്യാപിക്കും. എന്നാൽ ഒരു കടലാസിൽ സത്യവാങ്മൂലം എഴുതി പോക്കറ്റിലിട്ട് നടന്നാൽ കൊറോണ വ്യാപിക്കില്ലപൊലും . കൊറോണ വരെ തോറ്റുപോകുന്ന കണ്ടുപിടുത്തം. ഞങ്ങൾ ബുദ്ധിമാന്മാർ ആണെന്നും ഞങ്ങൾ തീരുമാനിക്കുന്നതെല്ലാം ജനങ്ങൾ അംഗീകരിച്ച് അനുസരിച്ചുകൊള്ളണമെന്നുമുള്ള കുറച്ചുപേരുടെ ധാർഷ്ട്യവും വിവരക്കേടുമാണ് ഇതെല്ലാം. ജനം അംഗീകരിക്കുന്നതുപോലെ ഞങ്ങളുടെ തീരുമാനം കൊറോണയും അംഗീകരിക്കണം എന്നതാണ് ഈ വക തീരുമാനങ്ങൾക്ക് പിന്നിലുള്ളവരുടെ പൊതുസമീപനം.

വാർത്ത വായനക്കാരൻ മുഖ്യമന്ത്രി വലിയ താല്പര്യം ഒന്നുമില്ലെങ്കിലും ആ പണി തുടർന്നുകൊണ്ടേയിരിക്കുന്നു. കോവിഡിൻറ്റെ ആദ്യകാലങ്ങളിൽ രോഗീസമ്പർക്കം ഉണ്ടായത് അറിയാതെ യാത്രചെയ്ത മൂവാറ്റുപുഴയിലെ ഒരു കോൺഗ്രസ് പൊതുപ്രവർത്തകനെ തൻറെ അനുദിന ടെലിവിഷൻ വാർത്തവായന ഷോയിലൂടെ മര്യാദ പഠിപ്പിക്കുകയും ഉത്തരവാദിത്വം കാണിക്കണം എന്ന് ആഹ്വാനം ചെയ്യുകയും നാടിനെ മുടിപ്പിക്കരുത് എന്ന അർത്ഥത്തിൽ പരിഹസിക്കുകയും ചെയ്ത മുഖ്യമന്ത്രി സാനിറ്റൈസർ തട്ടി തെറുപ്പിക്കുന്നതും പി പി ഇ കിറ്റ് ഇടാതെ കൊറോണാ വാർഡിലേക്ക് നടന്നു കയറുന്നതും കോവിഡ് രോഗിയായ ഭാര്യയെ പ്രോട്ടോക്കോൾ പാലിക്കാതെ കൊണ്ടുപോകുന്നതും കേരളം ലജ്ജയോടെ നോക്കിക്കണ്ടു. ഭൂഗോളത്തിൻറെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണ് എന്ന് സ്ഥിരം പറയുന്ന ചാക്കോ മാഷിന് കണക്കു പരീക്ഷയിൽ വട്ടപ്പൂജ്യം മാർക്ക് കിട്ടിയ അവസ്ഥ.

കേന്ദ്രത്തിലാകട്ടെ നാടകങ്ങൾക്ക് തിരശ്ശീല വീണു. പട്ട കൊട്ടലും പന്തം കത്തിക്കലും ലോക്ക്ഡൗണും കാര്യമായ ഫലം ഉണ്ടാക്കിയില്ല എന്ന് പറയാതെ പറഞ്ഞ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സുദീർഘമായി എന്തൊക്കെയോ പ്രസംഗിച്ചു. രാജ്യത്ത് കൊറോണ ബാധിക്കാതെ ശേഷിക്കുന്നവർ മുഴുവൻ എന്താണ് അദ്ദേഹം പ്രസംഗിച്ചത് എന്ന് മനസ്സിലാക്കിയെടുക്കാനുള്ള പങ്കപ്പാടിലാണ് ഇപ്പോൾ. ബിജെപി നേതൃത്വമാകട്ടെ, അതൊന്ന് വിശദീകരിച്ച് തന്ന് സഹായിക്കുന്നുമില്ല. പെട്രോൾ ഉപയോഗം കുറഞ്ഞ് ഓക്സിജൻ ഉപയോഗം കൂടിയതുകൊണ്ടാണോ എന്നറിയില്ല, ഓക്സിജന് വിലകൂട്ടി കച്ചവടം നന്നായി കൊണ്ടുനടക്കാൻ ശ്രമിക്കുകയാണ് ബിജെപിയുടെ കേന്ദ്രസർക്കാർ. കുറ്റിയിലൂടെ വരുന്ന ഓക്സിജൻ കിട്ടാത്തവരെല്ലാം 3000 കോടിയുടെ പ്രതിമയിലേക്ക് നോക്കി അന്തരീക്ഷത്തിൽനിന്നും ഓക്സിജൻ ആഞ്ഞു വലിക്കട്ടെ എന്നതാണ് കേന്ദ്ര നിർദ്ദേശം.

കേരളത്തിലെ ജനം ഈ സർക്കാരിൽ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ല. ഈ ജനത്തെ ഇനിയും പറ്റിക്കാമെന്നോ ഒരവസംകൂടിയും തങ്ങൾക്ക് ഉണ്ടാകുമെന്നോ ഈ സർക്കാരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് തത്വദീക്ഷയില്ലാത്തതും ദീർഘവീക്ഷണം ഇല്ലാത്തതുമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. പക്ഷേ, ഒന്നോർക്കുന്നത് നല്ലതാണ്. കാവൽ സർക്കാർ ആണെങ്കിലും ഒറ്റദിവസത്തെ സർക്കാർ ആണെങ്കിലും ഓരോ വിഷയത്തിലും എടുക്കുന്ന ഓരോ തീരുമാനത്തിലും ജനങ്ങളോട് പ്രതിപത്തി പുലർത്തണം. അതാണു ജനാധിപത്യത്തിൻറെ മൂല്യം. ഇനിയെങ്കിലും തെറ്റു തിരുത്തുക. കുമിളകളായ ഭോഷത്തര നടപടികൾ എടുക്കാതെ കാര്യക്ഷമമായതും ഫലവത്തായതുമായ നടപടികൾക്ക് വേണ്ടി തീരുമാനമെടുക്കൂ. വിമർശിക്കുന്നവരെ പുച്ഛിക്കാതെ അവർ പറയുന്നതുകൂടി ശ്രദ്ധിക്കൂ. കോവിഡ് ഒരു ക്രമസമാധാനപ്രശ്നം അല്ല, ആരോഗ്യപ്രശ്നമാണ് എന്ന അടിസ്ഥാന വിവരം ഉൾക്കൊള്ളൂ.

–  അഡ്വ. ജോജി ജോർജ് ജേക്കബ് (ഹൈക്കോടതി അഭിഭാഷകന്‍)