രാജീവ് ഗാന്ധി : ജ്വലിക്കുന്ന ഓർമ്മകൾ, നയിക്കുന്ന പ്രകാശം

Jaihind News Bureau
Tuesday, August 25, 2020

 

 

സദ്ഭാവന ദിവസിൽ ഐഒസി ചെയർമാൻ  ഡോ: സാം പിട്രോഡ ചെയ്ത രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണത്തെ അധികരിച്ച്  ഐഒസി മിഡിൽ ഈസ്റ്റ് കൺവീനർ  മൻസൂർ പള്ളൂർ തയ്യാറാക്കിയത്  

രാജീവ്‌ ഗാന്ധിയെന്ന വ്യക്തിപ്രഭാവത്തെ അനുസ്മരിക്കുക എന്നത്  ഒരു സവിശേഷ പ്രാധാന്യമുള്ള കാര്യമായി ഞാൻ കരുതുന്നു . 1980 ലാണ് രാജീവ് ഗാന്ധിയെ  ഞാൻ ആദ്യമായി കാണുന്നത്. മാറുന്ന ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയൊരു പങ്ക് വഹിക്കാൻ ടെലികോം രംഗത്തിനു എത്രമാത്രം സാധിക്കും എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനു വേണ്ടി  അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയപ്പോഴായിരുന്നു രാജീവ് ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ച. ഇന്ത്യയിൽ ടെലികോമിന്‍റെ ആരംഭനാളുകൾ  ആയിരുന്നു. അന്ന് എഴുപത് കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ ഇരുപത് ലക്ഷം  ടെലിഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ  ടെലിഫോൺ എന്ന് പറയുന്നത് വളരെ കൗതുകകരമായ ഒരു കാര്യമായിരുന്നു. എണ്ണത്തിലെന്നപോലെ ടെലിഫോണിന്റെ പ്രവർത്തനക്ഷമതയുടെ കാര്യത്തിലും ഇന്ത്യ അന്ന്  വളരെ പിന്നിലായിരുന്നു. എന്നാൽ  പത്ത്   വർഷങ്ങൾ കൊണ്ട്  ടെലികോം രംഗത്ത് ഇന്ത്യക്ക്  മുന്നേറ്റം നടത്താനാവും എന്ന ദൃഢനിശ്ചയവുമായിട്ടായിരുന്നു ഞാൻ അന്ന് ഇന്ദിരാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്‍റെ ജീവിതത്തിൽ ഉണ്ടായ ഒരനുഭവം, അങ്ങിനെ തീരുമാനമെടുക്കാൻ  ഒരുനിമിത്തമായി എന്നു വേണമെങ്കിൽ പറയാം. ഞാൻ  ഇന്ത്യയിലായിരുന്നപ്പോൾ  ചികാഗോയിൽ ഉള്ള ഭാര്യയെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോണിലൂടെ സംഭാഷണത്തിന് തടസ്സങ്ങൾ നേരിട്ടു. അടുത്ത പത്തു വർഷത്തിനുള്ളിൽ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരാൻ പ്രവർത്തിക്കും എന്ന് അമേരിക്കയിൽ  ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന ഞാൻ  മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുക്കുന്നത് അങ്ങിനെയാണ്. ആ തീരുമാനമാണ് ഒടുവിൽ എന്നെ ഇന്ദിരാഗാന്ധിയുടെ മുമ്പിൽ എത്തിച്ചത്.

ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ അന്നത്തെ അംഗങ്ങളായിരുന്ന പ്രണബ് കുമാർ മുഖർജീ , ആർ വെങ്കിട്ടരാമൻ, അർജുൻസിംഗ് ഗുണ്ട് റാവു  തുടങ്ങിയ  മന്ത്രിമാരും അന്ന് ഇന്ദിരാഗാന്ധിയോടൊപ്പം കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്‍റെ സുഹൃത്ത്  അരുൺ നെഹ്‌റു, അരുൺ സിംഗ് എന്നിവരൊക്കെ അന്നവിടെ  സന്നിഹിതരായിരുന്നു. ഒരേ പ്രായമായിരുന്നതുകൊണ്ടാകാം രാജീവ് ഗാന്ധിയുമായി വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ  അന്ന് എനിക്ക് സാധിച്ചിരുന്നു. അദ്ദേഹം ഒരു പൈലറ്റ് ആയിരുന്നതുകൊണ്ട് തന്നെ ടെക്നോളോജിയെക്കുറിച്ചും ഭാവിയിൽ അതുകൊണ്ടുണ്ടാകാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. ടെക്നോളജിയെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ആ അറിവുകൊണ്ട് തന്നെ ടെക്നോളജിയുടെ വളർച്ച ആയിരിക്കും ഇന്ത്യയിൽ പുതിയ മാറ്റത്തിനുള്ള കാരണം എന്നത് അദ്ദേഹം വേഗത്തിൽ തന്നെ അംഗീകരിക്കുകയായിരുന്നു. പിന്നീട് ഇന്ദിരാ ഗാന്ധി മരണപ്പെട്ടതിനെ തുടർന്ന് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയശേഷം  1985 ൽ ഈ വിഷയത്തിൽ ഒരു മണിക്കൂറോളം നീണ്ട  ചർച്ച അദ്ദേഹത്തിന്റ വീട്ടിൽ വച്ച്   നടത്തുകയുണ്ടായി. ആ ചർച്ചയ്ക്കു ശേഷമാണ് അമേരിക്കയിൽ നിന്നും ഇന്ത്യത്തിലേക്കുള്ള  മടങ്ങി വരവിനെക്കുറിച്ച് ഞാൻ ആലോചിച്ചത്. പ്രായം കുറഞ്ഞ ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ പ്രതീക്ഷ തന്നെയായിരുന്നു. കാരണം അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. ആധുനികമായ പുതിയ ചിന്തകൾ ഉള്ള വളരെ ആവേശത്തോടെ ഓരോന്നിനെയും സമീപിക്കാൻ കഴിവുള്ള ഊർജസ്വലനും ചുറുചുറുക്കുമുള്ള ഒരു വ്യക്തിത്വം, അതായിരുന്നു ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി. വളരെയധികം പ്രതീക്ഷയായിരുന്നു ഞങ്ങളെപ്പോലുള്ളവർക്ക് അദ്ദേഹം നൽകിയത്. നവീനമായ ആശയങ്ങളോട് അദ്ദേഹത്തിന്  തുറന്ന സമീപനമായിരുന്നു. ഇന്ത്യയുടെ വളർച്ചയുടെ ശരിയായ തുടക്കം ഇവിടം മുതലാണെന്ന് ഞാനടക്കമുള്ളവർ ഉറച്ചു വിശ്വസിച്ചിരുന്ന  കാലഘട്ടമായിരുന്നു അത്. സമൃദ്ധിയുള്ള അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു രാജ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്  ഇന്ത്യയെ വഴി നടത്താൻ സാധിക്കും എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. അതിനു വേണ്ടി ജനങ്ങൾക്ക് മികച്ച  വിദ്യാഭ്യാസം നൽകണമെന്നും  എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കണമെന്നും കുട്ടികൾക്കെല്ലാം കൃത്യമായ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും ക്ഷീരോൽപ്പാദന രംഗത്തും  കാർഷിക രംഗത്തും  കാര്യമായ വളർച്ച ഉണ്ടായെങ്കിലേ ഇന്ത്യയുടെ വളർച്ച സാധ്യമാകൂ എന്നും  അദ്ദേഹത്തിന് അറിയാമായിരുന്നു .ഇതിനോടൊപ്പം തന്നെ ടെലികോം രംഗവും ടെക്നോളജിയും ഐ ടി യും കൂടെ വളരുകയാണെങ്കിലേ ഉത്പാദനക്ഷമത സാധ്യമാകുകയുള്ളൂ എന്നദ്ദേഹം മനസ്സിലാക്കി.

അങ്ങനെ എല്ലാ രംഗത്തും കാര്യമായ മാറ്റങ്ങൾക്ക് അദ്ദേഹം  തുടക്കം കുറിക്കുകയായിരുന്നു . ഈ മാറ്റങ്ങളെല്ലാം  ജനാധിപത്യ രീതിയിലാണ് അദ്ദേഹം നടപ്പിൽ വരുത്തിയത്. വളരെ ഏറെ ചർച്ചകൾക്ക് ശേഷം സമവായത്തോടെ  തീരുമാനങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. പാർലമെന്റിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരായിരുന്നു ഭൂരിഭാഗവും . എന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ  ശരിയായ കാര്യങ്ങൾ നടപ്പിലാക്കാൻ എനിക്കദ്ദേഹം പൂർണ്ണ സ്വാതന്ത്യം അനുവദിച്ചിരുന്നു. കേവലമൊരു എഞ്ചിനീയർ മാത്രമായിരുന്ന എനിക്ക് ഇന്ത്യയുടെ ഭരണപരമായ തീരുമാനങ്ങളുടെ  നിർണ്ണായകമായ പല ഘട്ടങ്ങളിലും  ഭാഗമാകാൻ സാധിച്ചത് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാ ശക്തി കാരണമായിരുന്നു . ഏതു കാര്യങ്ങൾക്കും അദ്ദേഹത്തെ നേരിട്ട് കണ്ട് ചർച്ച ചെയ്യാനും അഭിപ്രായങ്ങൾ പറയാനും തീരുമാനങ്ങൾ എടുക്കാനും എനിക്ക്  സാധിച്ചു. രാജീവ് ഗാന്ധിയുമായി നടത്തിയിരുന്ന നൂറു കണക്കിന് കൂടിക്കാഴ്ചകളിൽ നിന്നും എനിക്കുണ്ടായ അനുഭവങ്ങൾ എടുത്ത് പറയുകയാണെങ്കിൽ അതേക്കുറിച്ച് കുറേക്കൂടി വ്യക്തമായി  മനസ്സിലാക്കാൻ സാധിക്കും. ഓരോ കൂടിക്കാഴ്ചകളും അദ്ദേഹവുമായുള്ള എന്‍റെ  ബന്ധത്തെ കൂടുതൽ ദൃഢമാക്കി .ടെലികോം, ഐടി തുടങ്ങിയ  മേഖലകളെക്കുറിച്ച്  മാത്രമായിരുന്നില്ല ടെക്നോളജിയെക്കുറിച്ചും ആ സമയത്ത് ചർച്ച ചെയ്യുമായിരുന്നു. ജയറാം രമേഷ് ആ സമയത്തൊക്കെ ഞങ്ങളുടെ കൂടെ ഈ ചർച്ചകളിൽ ഭാഗമാകാറുണ്ടായിരുന്നു. അന്നദ്ദേഹം വളരെ ചെറുപ്പമാണ്. ഗ്രാമീണ വികസനം, സാക്ഷരത, പ്രതിരോധ കുത്തിവെപ്പുകൾ, ക്ഷീരോൽപ്പാദനം, ടെലികോം രംഗം, കാർഷികോൽപ്പാദനം തുടങ്ങിയ മേഖലകളിൽ ടെക്നോളജിയുടെ സാധ്യത പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനായുള്ള പദ്ധതികളിൽ ജയറാം രമേഷിന്റെ പങ്കും ഈ അവസരത്തിൽ എടുത്ത് പറയേണ്ടതാണ് .അന്ന് ഇന്ത്യയിൽ പോളിയോ  വാക്‌സിൻ മരുന്ന്  ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നില്ല .ഏറ്റവും കൂടുതൽ പോളിയോ ബാധിതർ ഉണ്ടായിരുന്ന കാലഘട്ടം കൂടെ ആയിരുന്നു അത്.പിന്നീട് ഇന്ത്യയിൽ പോളിയോ  വാക്‌സിൻ സ്വന്തമായി നിർമ്മിച്ച് തുടങ്ങി.ഇന്നിപ്പോൾ വാക്‌സിനേഷൻ നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യമാണ് നമ്മുടേത് .പോളിയോ  നിർമ്മാർജനം പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചതും ക്ഷീരോൽപ്പാദന രംഗത്തും ടെലികോം രംഗത്തുമുള്ള മുന്നേറ്റം സാധ്യമായതും രാജീവ് ഗാന്ധിയെന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റ ഫലമായിട്ടാണെന്ന് തന്നെ പറയാം.

ഡിജിറ്റൽ സാങ്കേതികത ഉൾപ്പടെ ഇന്ന് കാണുന്ന പല  വികസനപ്രവർത്തങ്ങൾക്കും ഇന്ത്യയിൽ തുടക്കം കുറിച്ചത്  രാജീവ് ഗാന്ധിയുടെ ഭരണകാലത്തായിരുന്നു  .പല  മേഖലകളിലും മുന്നേറ്റം നടന്ന കാലഘട്ടമായിരുന്നു അത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിക്കുകയും അത് പ്രവർത്തിപ്പിക്കാനുള്ള പ്രോഗ്രാം വികസിപ്പിക്കുകയും ചെയ്യുകയുണ്ടായി. യുവാക്കളിൽ അധിഷ്ഠിതമായ അവരുടെ ദേശസാത്‌കൃത കഴിവുകളെ പ്രയോജനപ്പെടുത്തുന്നതിനായിരുന്നു രാജീവ് ഗാന്ധി  കൂടുതലായി ഊന്നൽ നൽകിയത്. അടുത്ത ഇരുപത്തഞ്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഏതൊക്കെ രീതിയിൽ മുന്നേറണം എന്നതിനെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള ഒരാളായിരുന്നു രാജീവ് ഗാന്ധി. അന്ന് അദ്ദേഹം വിത്തിട്ട കാര്യങ്ങളെല്ലാം  ഇന്ന് നമുക്ക് നേട്ടങ്ങളായി കൊയ്യാൻ സാധിക്കുന്നു. രാജീവ് ഗാന്ധിയുടെ  ദീർഘവീക്ഷണത്തിൽ അന്ന് അടിത്തറപാകിയ ഓരോ പദ്ധതികളും  വികസനത്തിന്റെ പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത് കാണാൻ നിർഭാഗ്യവശാൽ അദ്ദേഹത്തിനായില്ല.അദ്ദേഹത്തിന്റെ മരണം എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ചും  ഒരിക്കലും നികത്താൻ സാധിക്കാത്ത വലിയൊരു നഷ്ടം  തന്നെയാണ് .ജീവിതത്തിന്റെ വലിയൊരു ഭാഗം പെട്ടെന്ന് നഷ്ടമായത് പോലെയാണ് എനിക്കിന്നും അനുഭവപ്പെടുന്നത്.ആ നാളുകളിൽ ചിലപ്പോൾ രാത്രി വൈകിയാണെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജീവ് ഗാന്ധി എന്നെ വിളിക്കുകയും അങ്ങിനെ മണിക്കൂറുകൾ നമ്മളോരുമിച്ച് പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നത് ഇന്നും മനസ്സിലേക്ക് കടന്നു വരികയാണ്.

ലോകനേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളിൽ ഭാഗമാകാൻ എന്നെയും അദ്ദേഹം ക്ഷണിക്കാറുണ്ടായിരുന്നു.എന്നാൽ ആ കാലത്ത് ഒരിക്കൽ സോവിയറ്റ് യൂനിയന്റെ പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനത്തിനായി എത്തിയപ്പോൾ ചില നയതന്ത്ര കാരണങ്ങളാൽ ഞങ്ങൾക്ക്   അദ്ദേഹത്തെ കാണാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി.ഗോർബച്ചേവിനെ പോലൊരു നേതാവിനെ അടുത്ത് ആശയ വിനിമയം നടത്താനുള്ള  അവസരം നഷ്ടമാകും എന്നതിനാൽ  പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട്  ഞങ്ങൾ ഗോർബച്ചേവിനെ കാണാനുള്ള ആഗ്രഹം അറിയിച്ചു.അങ്ങിനെ രാജീവ് ഗാന്ധി ഞങ്ങൾക്ക് വേണ്ടി അനൗദ്യോഗികമായ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി തരികയായിരുന്നു അന്ന്.ഞാനും ജയറാം രമേഷും 35 എംഎം പ്രൊജക്ടർ ഒക്കെ തയ്യാറാക്കി അദ്ദേഹത്തെ കാണാൻ തയ്യാറായി ഇരുന്നതും ഒരു മണിക്കൂർ നേരം ഗോബച്ചേവിനോടൊപ്പം സംസാരിച്ചിരുന്നതും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്.വിയറ്റനാം പ്രസിഡന്റടക്കമുള്ള ലോകനേതാക്കളെ നേരിട്ട് കാണാനും സംസാരിക്കാനും  സാധിച്ചത് പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ് ഗാന്ധി അതിനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ഒരുക്കി തന്നതുകൊണ്ടു കൂടിയാണ് . തടസ്സമായി നിന്നിരുന്ന പല സാഹചര്യങ്ങളുണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്ക് അതിനുള്ള അവസരം ഒരുക്കുന്നതിനായി രാജീവ് ഗാന്ധി  തന്നെ മുൻകൈയെടുത്തിരുന്നത് ഞങ്ങൾക്ക് ലഭിച്ച വലിയൊരു ഭാഗ്യം കൂടിയായിരുന്നു.

ആരേയും ആകർഷിക്കുന്ന വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത്.ഒരിക്കൽ കുറച്ച് എഞ്ചിനീയർമാർ അദ്ദേഹവുമായി ഒരു കൂടിക്കാഴ്‌ച്ച നടത്തി.അദ്ദേഹം പിരിയുന്നതിനു മുമ്പ്  എല്ലാവർക്കും ഹസ്തദാനം നൽകി കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ഹുസൈൻ എന്ന ഒരു എഞ്ചിനീയർ  പറഞ്ഞു ഈ കൈ കഴുകാതെ ഞാൻ സൂക്ഷിക്കും.രാജീവ് ഗാന്ധി ഹസ്തദാനം ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് പിന്നീടുള്ള മുപ്പതോളം ദിവസം അദ്ദേഹം കൈയുറ  അണിഞ്ഞിരുന്നു.കണ്ടു മുട്ടുന്നവരിലൊക്കെയും വലിയൊരു സ്വാധീനമുണ്ടാക്കാൻ സാധിച്ച ആരോടും എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്ന വ്യക്തിപ്രഭാവം തന്നെയായിരുന്നു രാജീവ് ഗാന്ധി.

ഇന്ത്യയെ ഉയരങ്ങളിലെത്തിക്കുക എന്ന ഒരൊറ്റ ചിന്തയോടെയായിരുന്നു ഞങ്ങളെല്ലാവരും അന്ന് പ്രവർത്തിച്ചിരുന്നത്. ഒരു തരം ലഹരിയായിരുന്നു ഞങ്ങൾക്ക് അന്ന്. ഇന്ത്യയുടെ മുന്നേറ്റത്തിനായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെയും നടപ്പിലാക്കാൻ ഞങ്ങളെല്ലാവരും ഒരുപോലെ പ്രയത്നിച്ചുക്കൊണ്ടിരുന്ന ഒരു സുവർണ്ണ കാലഘട്ടമായിരുന്നു അത്. ഒരർത്ഥത്തിൽ രാജീവ് ഗാന്ധിയോടൊപ്പം  ഇന്ത്യയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തോടൊപ്പം കഠിനമായി ഞങ്ങൾ യത്നിച്ച നാളുകളായിരുന്നു  അതെന്ന് പറയാം. ഇന്ത്യയ്ക്ക് രാജീവ് ഗാന്ധിയെന്ന ദാർശനികനെ, പ്രതിഭാശാലിയെ നഷ്ടമായത് ഇന്നും ഒരു വലിയ നഷ്ടം തന്നെയാണ്. എന്നെ സംബന്ധിച്ച്  അദ്ദേഹം പ്രസരിപ്പിച്ചിരുന്ന ആവേശവും പ്രചോദനവും ഇന്നും പകരം വെക്കാനില്ലാത്ത ഒരു നഷ്ടമായി അവശേഷിക്കുന്നു. ഇന്ന് നമ്മളനുഭവിക്കുന്ന പല ആനുകൂല്യങ്ങളും അദ്ദേഹം കാരണമുണ്ടായതാണെന്ന് നമ്മളൊക്കെ മറന്നു പോകുന്ന ഒരു സ്ഥിതിവിശേഷമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്തി രാജ് അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും രൂപമെടുത്തതാണ്.പതിനെട്ട് വയസ്സ് കഴിഞ്ഞ ഓരോ പൗരനും വോട്ടവകാശം, ആരോഗ്യ രംഗത്തും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വിവരസാങ്കേതിക വിദ്യയുടെ കാര്യത്തിലും ഉണ്ടായ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്  രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന ആ കാലഘട്ടത്തിലായിരുന്നു.

ഓരോരുത്തരോടും സംസാരിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച്‌ എനിക്കുണ്ടായ വ്യക്തിപരമായ ഒരനുഭവം ഞാനിവിടെ ഓർക്കുകയാണ്. റൊണാൾഡ്‌ റെയ്ഗൺ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് രാജീവ് ഗാന്ധിയുടെ  അമേരിക്കൻ സന്ദർശന വേളയിൽ അമേരിക്കയിലുണ്ടായിരുന്ന എനിക്കും കുടുംബത്തിനായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് രാജീവ് ഗാന്ധി  സമയം കണ്ടെത്തിയിരുന്നു. കുറേനാളുകളായി എന്റെ ഭാര്യയെ  ഇന്ത്യയിലേക്ക് തിരിച്ച്‌ കൊണ്ടുവരാനുള്ള  അനുനയശ്രമങ്ങൾ ഞാൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ രാജീവ് ഗാന്ധിയുമായുള്ള ആ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് എന്റെ ഭാര്യ അനുവിനെ  വളരെ എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചു.  ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ അവരെ എളുപ്പത്തിൽ പറഞ്ഞു ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. അത്രയും ഫലപ്രദമായി  ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള,കൃത്യമായ രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള ഒരാളായിരുന്നു അദ്ദേഹം. വികസനത്തിന്‍റെ പാതയിലേക്ക് ഇന്ത്യയെ ശരിയായ രീതിയിൽ നയിക്കാൻ പ്രാപ്തനായ മഹത്വ്യക്തിത്വത്തെ   ഇന്ത്യയ്ക്ക് അദ്ദേഹത്തിന്റെ മരണത്തോടെ നഷ്ടമായത്.എന്നെ ഞാൻ ആക്കുന്നതിൽ  നിർണ്ണായകമായ പങ്ക് വഹിച്ച വ്യക്തിയെന്ന  നിലയിൽ രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ഓർമ്മകൾ എന്നിൽ ഇന്നും ജീവിക്കുന്നു.

teevandi enkile ennodu para