ജുഡീഷ്യല്‍ അന്വേഷണത്തിന്റെ നിയമ വശങ്ങള്‍

Jaihind Webdesk
Saturday, July 6, 2019

കേരളത്തില്‍ നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികളും അതുപോലെ മറ്റു സംഘടനകളും ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പ്രസക്തിയും പ്രധാന്യവും വ്യക്തമാക്കുന്നു.

എന്താണ് ജുഡീഷ്യല്‍ അന്വേഷണം ? 1952 ലെ കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുന്നത്. 1952 ലെ 60-ാം നമ്പര്‍ കേന്ദ്ര നിയമം ആണിത്. ഈ നിയമത്തിന്റെ 3-ാം വകുപ്പനുസരിച്ചാണ് അന്വേഷണ കമ്മീഷനെ നിയമിക്കുന്നത്. പൊതുപ്രാധാന്യമുള്ള നിശ്ചിത വിഷയങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയാണ് ഈ കമ്മീഷന്റെ ചുമതല. നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റുകള്‍ക്കും ഇത്തരം കമ്മീഷനെ നിയമിക്കാം. എന്നാല്‍ ഒരു വിഷയത്തെ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചാല്‍ ആ കമ്മീഷന്‍ പ്രവര്‍ത്തനത്തിലുള്ള കാലത്തോളം സംസ്ഥാന ഗവണ്മെന്റ് ആ വിഷയം സംബന്ധിച്ച് വേറെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ പാടില്ല. എന്നാല്‍ കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരത്തോടെ വേണമെങ്കില്‍ വയ്ക്കുകയും ചെയ്യാം. എന്നാല്‍ സംസ്ഥാന ഗവണ്മെന്റ് ഒരു വിഷയം സംബന്ധിച്ച് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചാല്‍ ആ കമ്മീഷന്‍ പ്രവര്‍ത്തനത്തിലുള്ള കാലത്തോളം ആ വിഷയം സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്രഗവണ്മെന്റും വേറെ ഒരു കമ്മീഷനെ നിയമിക്കാന്‍ പാടില്ല. എന്നാല്‍ അന്വേഷണം ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ആ സംസ്ഥാനങ്ങളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കേണ്ടതാണെന്നും കേന്ദ്രഗവണ്മെന്റിന് ബോധ്യമായാല്‍ കേന്ദ്രഗവണ്മെന്റിന് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഏകാംഗ കമ്മീഷനും ഒന്നിലധികം അംഗങ്ങളുള്ള കമ്മീഷനുകളും നിയമിക്കാന്‍ ഗവണ്മെന്റിന് അധികാരമുണ്ട്. ഒന്നിലധികം അംഗങ്ങളുള്ള കമ്മീഷന് ഒരു ചെയര്‍മാനുണ്ടാകും.

ചില സംഗതികളില്‍ സിവില്‍ കോടതികളുടെ അധികാരം കമ്മീഷന് ബാധകമാക്കിയിട്ടുണ്ട്. 1908 ലെ സിവില്‍ നടപടി നിയമപ്രകാരം ഒരു കേസ് വിചാരണ ചെയ്യുമ്പോഴുള്ള ചില അധികാരങ്ങളാണ് ഇതിലൂടെ കമ്മീഷനു ലഭിക്കുന്നത്. ഇന്ത്യയിലെ ഏതു ഭാഗത്തുനിന്നും ആളെ സമണ്‍സില്‍ വരുത്തി വിസ്തരിക്കുക, രേഖ വെളിപ്പെടുത്താനാവശ്യപ്പെടുക, രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുക, സത്യവാംഗ്മൂലത്തിലൂടെ തെളിവ് സ്വീകരിക്കുക, ഏതെങ്കിലും കോടതിയില്‍ നിന്നോ ഓഫീസില്‍ നിന്നോ രേഖകളോ അവയുടെ പകര്‍പ്പോ ആവശ്യപ്പെടുക, കമ്മീഷന്‍ മുഖാന്തിരം സാക്ഷി വിസ്താരം നടത്തുക, കമ്മീഷന്‍ മുഖാന്തിരം രേഖകള്‍ പരിശോധിക്കുക, നിര്‍ണ്ണയിച്ചു നല്‍കുന്ന മറ്റെതെങ്കിലും വിഷയം തുടങ്ങിയവയാണ് ഈ അധികാരങ്ങള്‍. കൂടാതെ ചില കൂടുതല്‍ അധികാരങ്ങളും ( Additional Powers)   കമ്മീഷനുണ്ട്. നടത്താനുള്ള അന്വേഷണത്തിന്റെ പ്രകൃതവും സാഹചര്യവും അനുസരിച്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ കമ്മീഷന് ബാധകമാകുന്ന വിജ്ഞാപനം ഗവണ്മെന്റ് പുറപ്പെടുവിക്കുക വഴി ലഭിക്കുന്ന അധികാരമാണ് അവയിലൊന്ന്. അന്വേഷണത്തിന്റെ വിഷയത്തിന് ഉപയോഗപ്രദമായതോ പ്രസക്തമായതോ ആയ വിവരം നല്‍കാന്‍ ആരോടാണോ കമ്മീഷന്‍ ആവശ്യപ്പെടുന്നത് അയാള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ( Indian Penal Code) 176, 177 വകുപ്പുകള്‍ പ്രകാരം ആ വിവരങ്ങള്‍ നല്‍കുന്നതിന് നിയമപ്രകാരം ബാദ്ധ്യസ്ഥനാണെന്ന് കരുതപ്പെടുമെന്ന് നിയമത്തിന്റെ 5(2) വകുപ്പു പറയുന്നു. അന്വേഷണ വിഷയം സംബന്ധിച്ച അക്കൗണ്ട് ബുക്കുകള്‍, രേഖകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിന് ഏതു സ്ഥലത്തും കെട്ടിടത്തിലും കമ്മീഷന് പ്രവേശിക്കാവുന്നതും 1973 ലെ ക്രിമിനല്‍ നടപടി പ്രകാരം (  Criminal Procedure  Code) 102, 103 വകുപ്പുകളിലെ വ്യവസ്ഥകള്‍ ബാധകമാകുന്നിടത്തോളം അവക്കു വിധേയമായി അക്കൗണ്ട് ബുക്കുകളും രേഖകളും പിടിച്ചെടുക്കാനും അവയില്‍ നിന്നും എക്‌സ്ട്രാക്ടുകളോ പകര്‍പ്പുകളോ എടുക്കാനും അധികാരമുണ്ടെന്ന് മൂന്നാം ഉപവകുപ്പ് പറയുന്നു.

ഒരു സിവിള്‍ കോടതിയായാണ് കമ്മീഷന്‍ കരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിക്ഷാനിയമത്തിലെ 175,178,179,180,228 എന്നീ വകുപ്പുകളില്‍ വിവരിക്കുന്ന കുറ്റം കമ്മീഷന്റെ സാന്നിധ്യത്തില്‍ ചെയ്യുന്ന ആള്‍ക്കെതിരെയുള്ള പരാതി ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി ക്രിമിനല്‍ നടപടി നിയമം 346-ാം വകുപ്പനുസരിച്ച് വിചാരണ ചെയ്യണമെന്ന് നിയമത്തിന്റെ 5(4) വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. രേഖ ഹാജരാക്കാന്‍ നിയമ പ്രകാരം ബാദ്ധ്യസ്ഥനായ ആള്‍ രേഖ ഹാജരാക്കാതിരിക്കുക, മുറ പ്രകാരം സത്യം ചെയ്യാന്‍ വിസമ്മതിക്കുക, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിക്കുക, പ്രസ്താവനയില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിക്കുക, ഉദ്ദേശപൂര്‍വ്വം കമ്മീഷനെ അപമാനിക്കുകയോ ജോലിക്കു തടസ്സമുണ്ടാക്കുകയോ ചെയ്യുക തുടങ്ങിയവയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍. കൂടാതെ കമ്മീഷന്റെ മുമ്പാകെയുള്ള ഏതു നടപടിയും ഇന്ത്യന്‍ ശിക്ഷാ നിയമം 193 -ം, 228-ം വകുപ്പുകളുടെ അര്‍ത്ഥത്തിലുള്ള ഒരു നീതിന്യായ നടപടിയാണ്. കൂടാതെ എന്‍ക്വയറി സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതിന് ചില ഉദ്യോഗസ്ഥന്‍മാരുടെയും അന്വേഷണ ഏജന്‍സികളുടേയും സേവനം ഉപയോഗപ്പെടുത്താനും കമ്മീഷന് അധികാരം നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക വൈദഗ്ദ്യമുള്ള ആളുകളെ കമ്മീഷനെ സഹായിക്കാനും ഉപദേശിക്കാനുമായി അസ്സസ്സറി ( Assessers) ആയി നിയമിക്കാനും കമ്മീഷന് അധികാരമുണ്ട്. സ്വന്തം നടപടി ക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും കമ്മീഷന് അധികാരമുണ്ട്. കമ്മീഷന്‍ സിറ്റിംഗ് നടത്തുന്ന സ്ഥലം, സമയം, പബ്ലിക് സിറ്റിംഗ് ആണോ , സ്വകാര്യ സിറ്റിംഗ് ആണോ എന്നൊക്കെ തീരുമാനിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തും.

ഒരാളുടെ സ്വഭാവത്തേയോ ഖ്യാതിയേയോ ദോഷകരമായി ബാധിക്കുന്ന സംഗതികളില്‍ അയാളെ കൂടി കേട്ട് തെളിവെടുക്കേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു. കമ്മീഷണര്‍ മുമ്പാകെ ക്രോസ് വിസ്താരത്തിനും അഭിഭാഷകന്‍ മുഖേന പ്രതിനിധാനം ചെയ്യാനും കക്ഷികള്‍ക്ക് അവകാശമുണ്ട്.

ജുഡീഷ്യല്‍ എന്‍ക്വയറിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി അന്വേഷണ വിഷയം (Terms of reference)  ആണ്. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും നിശ്ചിത വിഷയമാണ് ഇവിടെ അന്വേഷണ വിധേയമാകുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദിഷ്ട കാലാവധിയുണ്ടാകും. ഇതുവേണമെങ്കില്‍ ഗവണ്മെന്റിന് നീട്ടിക്കൊടുക്കാം.

കേരളത്തിലെ നെടുങ്കണ്ടം കസ്റ്റഡി മരണം പോലീസ് അന്വേഷിക്കുന്ന വിഷയമാണ്. അതേ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും നടത്തുന്നതിന് നിയമപരമായി തടസ്സങ്ങളൊന്നുമില്ല. ഒരേ സമയം 2 അന്വേഷണങ്ങളും നടത്തരുതെന്ന് ബന്ധപ്പെട്ട നിയമങ്ങള്‍ പറയുന്നില്ല. ക്രിമിനല്‍ നിയമം അനുസരിച്ച് അന്വേഷണം നടത്തുന്ന കേസുകളില്‍ കുറ്റം കണ്ടെത്തിയാല്‍ കുറ്റപത്രം നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ വിചാരണ നടക്കും. കുറ്റം തെളിഞ്ഞാല്‍ ശിക്ഷയും ലഭിക്കും. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് ഈ അധികാരം ഇല്ല. ശുപാര്‍ശ സ്വഭാവമുള്ള റിപ്പോര്‍ട്ട് നല്‍കാനേ കമ്മീഷന് കഴിയൂ. ഗവണ്മെന്റിന് ഈ റിപ്പോര്‍ട്ട് കൊള്ളുകയോ തള്ളുകയോ ചെയ്യാം. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണം കേസ് വിചാരണേ അല്ല. കമ്മീഷന് മുന്നില്‍ വാദിയോ പ്രതിയോ ഇല്ല. Terms of reference അനുസരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് കമ്മീഷന്റെ ഉത്തരവാദിത്വം. റിപ്പോര്‍ട്ട് കിട്ടിയാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ ( action taken report ). 6 മാസത്തിനുള്ളില്‍ പാര്‍ലമെന്റിന്റേയോ നിയമ സഭയുടേയോ മേശപ്പുറത്ത് വയ്ക്കണം.