രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: സി.പി.എം ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Tuesday, February 19, 2019

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം എ. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത പീതാംബരനെ പോലീസ് വിശദമായി ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് ആറുപേര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്.