അത്യന്തം ഗൗരവകരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും യാതൊരു കുറ്റവും ചെയ്യാത്ത 2 കന്യാസ്ത്രീ സഹോദരിമാരെയാണ് ജയിലില്‍ ഇട്ടിരിക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍ എം പി. മനുഷ്യക്കടത്തും, മതപരിവര്‍ത്തനവും പോലുള്ള വ്യാജ കുറ്റങ്ങള്‍ ആരോപിച്ചാണ് അവരെ ജയിലിലടച്ചത്. പരമാവധി ജാമ്യം വൈകിപ്പിക്കാനാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ശ്രമിച്ചത്. കേസ് എന്‍ഐഎയ്ക്ക് കൊടുക്കേണ്ട കാര്യമില്ല. എന്‍ഐഎ കോടതിയില്‍ കൊടുത്തത് ജാമ്യം വൈകിപ്പിക്കാനാണെന്നും ഇതിനെതിരെ പാര്‍ലമെന്റില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഛത്തീസ്ഗഢിലെ ബി ജെ പി സര്‍ക്കാര്‍ തടവിലാക്കിയ സിസ്റ്റര്‍ വന്ദനയുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
‘ഇന്നോ നാളെയോ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപദ്രവിക്കാന്‍ പറ്റുന്നതിന്റെ പരമാവധി അവരെ ഉപദ്രവിച്ചു കഴിഞ്ഞു. ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല ജാമ്യം കിട്ടിയെ പറ്റൂ. അടിസ്ഥാനപരമായി സംഘപരിവാറിന്റെയും, ആര്‍എസ്എസിന്റെയും ഡിഎന്‍എ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ്. ഛത്തീസ്ഗഢില്‍ മാത്രമല്ല, ഒഡീഷയില്‍ 90 വയസ്സുള്ള പുരോഹിതനെയാണ് അക്രമിച്ചത്’- കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ പ്രകോപനപരമായ ഭാഷയിലാണ് ബിജെപി എം പിമാര്‍ സംസാരിക്കുന്നത്. അവര്‍ ബജ്രംഗ്ദളിന്റെ അതേ ഭാഷയില്‍ സംസാരിക്കുന്നത് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണോയെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. ബിജെപിയുടെ രാഷ്ട്രീയം ക്രൈസ്തവ സഭകളുടെ താത്പര്യങ്ങള്‍ക്കെതിരാണെന്ന് പല പ്രാവശ്യം തെളിയിച്ചതാണ്. അത് കര്‍ണാടകയിലും മണിപ്പൂരിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി യുടെയും ആര്‍ എസ് എസ്സിന്റെയും ഡിഎന്‍എ അടിസ്ഥാനപരമായി ന്യൂനപക്ഷ വിരുദ്ധമാണ്. അത് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയണം. ചിലരെ തെറ്റി ദ്ധരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടാകും. അവരും തെറ്റ് മനസിലാക്കണം. ജാമ്യം ഔദാര്യം അല്ല അവകാശമാണ്. കേരളത്തില്‍ കേക്കുമായി അരമനകളില്‍ പോയി നാടകം നടത്തിയത് ബിജെപി ആണ്. ആ കേക്കിനോട് കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.