ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കീഴ്ക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയായിരുന്നു. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. ക്രൈസ്തവ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അറസ്റ്റിനെ അപലപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി ഡിസിസി ഭാരവാഹികള്‍, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലും ഇന്ന് പ്രതിഷേധ പരിപാടി തലസ്ഥാനത്ത് നടക്കും. വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും വിവിധ സഭാ മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് വായ് മൂടി കെട്ടി മാര്‍ച്ച് നടത്തും.